ബാവന ഇന്റസ്ട്രിയല്‍ ഏരിയയില്‍ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആനന്ദ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് അക്രമികളുടെ തോക്കിനിരയായത്. ബൈക്കുകളിലെത്തിയ ഒരു കൂട്ടം പേര്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുന്നത് കണ്ടാണ് ആനന്ദ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. പൊലീസുകാരനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ അദ്ദേഹം പിടികൂടി. ഇവരുമായുള്ള പിടിവലിക്കിടെ ഓരാള്‍ കൈയിലുണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് ആനന്ദിന്റെ വയറ്റിലേക്ക് വെടിയുതിര്‍ത്തു. വെടിയേറ്റിട്ടും പിടി വിടാതിരുന്ന അദ്ദേഹത്തെ ബോധം നശിക്കുന്നത് വരെ ഹെല്‍മറ്റുകള്‍ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. രക്തത്തില്‍ കുളിച്ചുകിടന്ന പൊലീസുകാരനെ ഉപേക്ഷിച്ച ശേഷം അക്രമി സംഘം സ്ഥലം വിട്ടു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചതും ആനന്ദിനെ ആശുപത്രിയിലെത്തിച്ചതും. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആനന്ദ് മരിച്ചിരുന്നു. വളരെ അടുത്ത് നിന്ന് വെടിയേറ്റതിനാല്‍ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അക്രമികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദില്ലി പൊലീസ് അറിയിച്ചു. പരിസരവാസികളായ ചിലര്‍ തന്നെയാണ് അക്രമത്തിന് മുന്‍കൈയ്യെടുത്തതെന്ന് പൊലീസിന് സംശയമുണ്ട്. ആക്രമണത്തിന് സാക്ഷികളായിരുന്ന ദമ്പതികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
