നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുവകകള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും  ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി 2002ല്‍ കോടതിയെ സമിപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ പാട്യാല കോടതി തള്ളിയത്. 

1938ല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെരാള്‍ഡ് പത്രം സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് 2008ല്‍ പൂട്ടി.ഒപ്പം പ്രസിദ്ധീകരിച്ചിരുന്ന ഖ്വാമി ആവാസ്, നവജീവന്‍ എന്നീ പത്രങ്ങളുടെ അച്ചടിയും നിലച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ഉടമസ്ഥര്‍. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ 38 ശതമാനം ഓഹരി വീതം സോണിയഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമാണ്. മോത്തിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് 24 ശതമാനം വീതം ഓഹരിയുമുണ്ട്.