ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഹോട്ടലിന് വിട്ടു നല്‍കി. സുനന്ദയുടെ മരണത്തിന് ശേഷം അന്വഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത ഹോട്ടല്‍ ലീല പാലസിലെ റൂം നമ്പര്‍ 345 മൂന്ന് വര്‍ഷത്തിന് ശേമാണ് വിട്ടുനല്‍കുന്നത്. 2014 ജനുവരി 17നാണ് മുറി പൊലീസ് സീല്‍ ചെയ്തത്.

റൂം സീല്‍ ചെയ്തതിനെതിരെ ഹോട്ടല്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഒരു രാത്രിക്ക് 55000 മുതല്‍ 61000 വരെ ലഭിക്കുന്ന സ്യൂട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി അടഞ്ഞ് കിടക്കുന്നതിനാല്‍ 50 ലക്ഷത്തോളം രൂപ ന്ഷ്ടമുണ്ടായതായി കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേസില്‍ റൂം പരിശോധനയും ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. 

റൂം ഹോട്ടലിന് തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി സെപ്തംബര്‍ 12ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഹോട്ടല്‍ വിട്ടു നല്‍കാതിരുന്ന ഡല്‍ഹി പൊലീസിനോട് ഒക്ടോബര്‍ 10ന് വീണ്ടും ഹൈക്കോടതി അടിയന്തിര നിര്‍ദ്ദേശം നല്‍കി. ആറ് ദിവസത്തിനകം റൂം വിട്ടുനല്‍കണമെന്നായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊലീസ് റൂം ഹോട്ടലിന് വിട്ടുനല്‍കിയത്.