ദീപാവലിക്ക് ശേഷം ദില്ലിയെ വിഴുങ്ങിയ വിഷപ്പുകയ്ക്ക് നേരിയ ശമനമുണ്ടായെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും,മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കുന്ന വിവരം. ഇന്നലെ നല്ല വെയിലുണ്ടായിരുന്നതും നേരിയ തോതില്‍ കാറ്റ് വീശിയതും പുകമഞ്ഞിനെ അല്‍പം നീക്കാന്‍ സഹായിച്ചെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്നാലും ശരാശരി അന്തരീക്ഷ മലിനീകരണം അതുപോലെ നിലനില്‍ക്കുന്നുണ്ടെന്നും സുരക്ഷാ ക്രമീകരണം തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി.കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് ദില്ലിയിലെയും അയര്‍സംസ്ഥാനത്തെയും പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് തീരുമാനമെടുത്തിരുന്നു.

കാലാവസ്ഥക്ക് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ അടങ്ങുന്ന പരിസ്ഥിതി സംരക്ഷണ കലണ്ടര്‍ ഉണ്ടാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് വെള്ളിയാഴ്ച്ച വരെ തുടരും സ്‌കൂളുകള്‍ക്ക് നാളെയും അവധിയാണ്. വിവാഹങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതും ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും ഈ മാസം അവസാനം വരെ തടയാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

വലിയ ട്രക്കുകള്‍ക്ക് ദില്ലിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. അതേസമയം അന്തരീക്ഷ മലിനീകരണം വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ഉച്ചക്ക് പരിഗണിക്കും.