ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് വീണ്ടും കോടതി വിലക്ക് 'ഗോഡ്‍മാന്‍ ടു ടൈകൂണ്‍', ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിനാണ് വിലക്ക് 

ദില്ലി: യോഗ ഗുരു ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് വീണ്ടും കോടതി വിലക്ക്. 'ഗോഡ്‍മാന്‍ ടു ടൈകൂണ്‍', ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്ത കീഴ്ക്കോടതിയുടെ വിധിയാണ് ദില്ലി ഹൈക്കോടതി റദ്ദ് ചെയ്തത്. ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളടക്കത്തിലുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി. 

മാധ്യമ പ്രവര്‍ത്തകയായ പ്രിയങ്ക പതക് നരേന്‍ രചിച്ച പുസ്തകത്തിനെതിരെ കഴിഞ്ഞ വര്‍ഷം രാംദേവ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ജഗര്‍നോട്ട് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില്‍പന ഓഗസ്റ്റില്‍ ഡല്‍ഹിയിലെ കര്‍ക്കദുമ ജില്ലാക്കോടതി നിരോധിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ വില്‍പ്പനയടക്കം പുസ്തകത്തിന്റെ വില്‍പന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസാധകരുടെയോ രചയിതാവിന്റെയോ ഭാഗം കേള്‍ക്കാതെയാണ് കോടതി ഏകപക്ഷീയമായ വിധി പുറപ്പെടുവിച്ചതെന്നാരോപിച്ച് ജഗര്‍നോട്ട് ബുക്‌സ് കോടതിയെ സമീപിച്ചതോടെ നിരോധനം നീക്കിക്കൊണ്ട് അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജ് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവ് റദ്ദ്‌ ചെയ്തുകൊണ്ടാണ് ദില്ലി ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

രാംദേവിന്റെ മുന്‍കാല ജീവിതവും പണം, മതം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും വിവരിക്കുന്നതാണ് പുസ്തകമെന്ന് രചയിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ബാബാ രാംദേവിനെക്കുറിച്ച ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.