ന്യൂഡല്‍ഹി: കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാം എന്നു പറഞ്ഞപ്പോള്‍ കൊതിയോടെയാവും അവള്‍ കണ്ണടച്ചു നിന്നിട്ടുണ്ടാകുക. സ്നേഹമയിയായ അവള്‍ മനസ്സില്‍ കണ്ടത് ഒരു നെക്‌ലേസോ കമ്മലോ ആയിരിക്കാം. എന്തെങ്കിലും സ്‌നേഹോപഹാരങ്ങള്‍ ആയിരുന്നിരിക്കാം. പക്ഷേ അവള്‍ക്ക് കിട്ടയത് മരണമായിരുന്നു. ക്രൂരതയുടെ നേര്‍സാക്ഷ്യമായ ആ ഭര്‍ത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു.

ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം. 24 കാരനായ മനോജ് കുമാറാണ്‌ ഭാര്യ കൊമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹിതരാകുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു ഇരുവരും. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയമാണ് പലപ്പോഴും വഴക്കിന് ഇടയാക്കിയിരുന്നത്. കുറച്ചുമാസമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞദിവസം തര്‍ക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി താന്‍ വരുന്നുണ്ടെന്ന് മനോജ് കുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോമളം വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലെത്തുന്നത്.

നേരില്‍ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണടച്ച് തിരിഞ്ഞ് നില്‍ക്ക് ഒരു സര്‍പ്രൈസ് തരാം എന്ന് മനോജ്കുമാര്‍ പറഞ്ഞു. അങ്ങനെ നിന്ന കോമളിനെയാണ് കൈയ്യില്‍ കരുതിയ വയര്‍ ഉപയോഗിച്ച് പ്രതി കൊന്നത്.

കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ഇയാള്‍ താന്‍ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. പട്രോളിങ്ങിനിടെ യാദൃച്ഛികമായി ഈ സംഭാഷണം കേള്‍ക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടര്‍ന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നതിനാല്‍ ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് പാര്‍ക്കില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.