ദില്ലി മന്ത്രിയുടെ വീട്ടിൽ റെയ്ഡ് ആര്‍കിടെക്ടുമാരെ നിയമിച്ചതിൽ ക്രമക്കേട് രാഷ്ട്രീയ പ്രേരിതമെന്ന് ആംആദ്മി പാര്‍ട്ടി എന്താണ് വേണ്ടതെന്ന് അരവിന്ദ് കെജ്‍രിവാള്‍
ദില്ലി: ദില്ലി പൊതുമരാമത്ത് മന്ത്രി സത്യേന്ദര് ജയിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. പിഡബ്ല്യുഡി വകുപ്പിൽ 24 ആര്കിടെക്റ്റുമാരെ വഴിവിട്ട് നിയമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. പ്രധാനമന്ത്രിക്ക് എന്താണ് വേണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു.
പിഡബ്ല്യുഡി വകുപ്പിൽ മുൻ പരിചയമില്ലാത്ത 24 ആര്കിടെക്റ്റുമാരെ ക്രമവിരുദ്ധമായി നിയമിച്ചുവെന്നാണ് കേസ്. രണ്ട് വര്ഷത്തേക്ക് ആര്കിടെക്ടുമാരെ തെരഞ്ഞെടുത്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കേസിൽ രാവിലെ എട്ട് മണിയോടെയാണ് സിബിഐ സംഘം ദില്ലി പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിനിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. പിഡബ്ല്യുഡിയിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരെയും കേസുണ്ട്. ദില്ലി സര്ക്കാരിന്റെ മോഹല്ല ക്ലിനിക്കുകളുടെ നിര്മ്മാണം അടക്കമുള്ള ജോലികൾക്കായാണ് 24 ക്രിയേറ്റീവ് ആര്കിടെക്റ്റുകളെ ആംആദ്മി സര്ക്കാര്ക്കാര് നിയമിച്ചത്. മുൻ ലെഫ്റ്റനന്റ് ഗവര്ണര് നജീബ് ജങ്ങാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭം തടയുന്നതിന് മാര്ഗരേഖ കൊണ്ടുവന്നതിന് ശേഷമുള്ള റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആംആദ്മി പാര്ട്ടിയുടെ പ്രതികരണം. സിബിഐയ്ക്ക് എന്താണ് വേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദിച്ചു. സത്യേന്ദര് ജെയിന്റെ മകൾ സൗമ്യ ജയിനിനെ സംസ്ഥാന സര്ക്കാരിന്റെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരായ കേസ് കഴിഞ്ഞ ദിവസം തെളിവില്ലാത്തതിനാൽ സിബിഐ അവസാനിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലും സത്യേന്ദര് ജയിനിനെതിരെ അന്വേഷണം നടക്കുകയാണ്.
