ദൽഹി മോത്തിനഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ.
ദില്ലി: കൻവാർ തീർത്ഥാടനത്തിനിടെ കാർ അടിച്ചു പൊളിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തീർത്ഥാടകരിലൊരാളായ രാഹുൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൽഹി മോത്തിനഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഒരു സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ ഇവർ കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടിരുന്നു. കമ്പും വടിയും ഉപയോഗിച്ചാണ് ഇവർ കാർ അടിച്ചു പൊളിച്ചത്. പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമം. എന്നാൽ സംഭവത്തിൽ ഇടപെടാൻ ഇവർ തയ്യാറായില്ല. ഈ സംഭവങ്ങളെല്ലാം സിസിസിടിവിയിൽ പതിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.
കാർ കത്തിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഭയന്ന് പരാതി നൽകാൻ വിസമ്മതിച്ചിരുന്നു. കൻവാറിൽ തീർത്ഥയാത്രയ്ക്കിടെ പരക്കെ ആക്രമണങ്ങൾ നടന്നതായി പൊലീസ് വെളിപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് വീടുകളിൽ നിന്നും കാൽനടയായി ഹരിദ്വാറിലേക്ക് യാത്ര ചെയ്യുന്നത്. ഗംഗാജലം കൊണ്ടുവരാനാണത്രേ ഈ തീർത്ഥയാത്ര.
