ദില്ലി: ദില്ലി ഐ.എൽ.ബി.എസ് ആശുപത്രിയിൽ തൊഴിൽ പീഡനമില്ലെന്ന് സമരവുമായി സഹകരിക്കാത്ത നഴ്സുമാര്‍. ചികിത്സയ്ക്കിടെ ഐ.എൽ.ബി.എസ് ആശുപത്രി അധികൃതര്‍ കൊല്ലാൻ ശ്രമിച്ചെന്ന, പിരിച്ചുവിടപ്പെട്ട നഴ്സിന്‍റെ പരാതിയിൽ അടിസ്ഥാനമില്ലെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാനേജ്മെന്‍റിന്‍റെ തൊഴിൽ പീഡനങ്ങൾക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പരാതി നൽകിയതിന് പിന്നാലെയാണ് മലയാളി നഴ്സിനെ പിരിച്ചുവിട്ടത്.
ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വസന്ത്കുഞ്ചിലെ ഐ.എൽ.ബി.എസ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാര്‍ ആറ് ദിവസമായി സമരത്തിലാണ്. ഇതിനിടെയാണ് മാനേജ്മെന്‍റിന് മലയാളികളടക്കമുള്ള നഴ്സുമാര്‍ പിന്തുണ നൽകിയത്. ജോലിയിൽ മോശം പ്രകടനം നടത്തിയതിനാണ് കരാര്‍ പുതുക്കാതെ മലയാളി നഴ്സിനെ പിരിച്ചുവിട്ടതെന്നാണ് മാനേജ്മെന്‍റിന്‍റേയും സമരവുമായി നിസഹകരിക്കുന്ന നഴ്സുമാരുടെയും വിശദീകരണം.
ആത്മഹത്യ ശ്രമത്തിന് പിന്നാലെ ചികിത്സയ്ക്കിടെ ഐ.എൽ.ബി.എസ് ആശുപത്രി അധികൃതര്‍ മര്‍ദ്ദിച്ചും അമിത തോതിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചും കൊല്ലാൻ ശ്രമിച്ചെന്ന പിരിച്ചുവിട്ട നഴ്സിന്‍റെ പരാതിയ്ക്ക് അടിസ്ഥാനമില്ല. ഡിസ്ചാര്‍ജ് രേഖകളിലെ അച്ചടിപിശകാണ് പരാതിക്ക് അടിസ്ഥാനം. ഐ.എൽ.ബി.എസിൽ നിന്ന് എയിംസിലേക്ക് മാറ്റുമ്പോള്‍ നഴ്സിന് ബോധമുണ്ടായിരുന്നെന്നും ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നഴ്സുമാര്‍ വിശദീകരിക്കുന്നു. സമരവുമായി നിസഹകരിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണെന്നും നഴ്സുമാര്‍ പറഞ്ഞു. 350 നഴ്സുമാരുള്ള ഐ.എൽ.ബി.എസിൽ 200 ഓളം നഴ്സുമാരാണ് മാനേജ്മെന്‍റിനൊപ്പം നിന്ന് സമരവുമായി നിസഹകരിക്കുന്നത്.
