രഹസ്യാന്വേഷണ എജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ദില്ലിയില്‍ നിന്ന് ഒമ്പത് പേരെയും ഉത്തര്‍പ്രദേശിലെ ദിയോബാന്റില്‍ നിന്ന് രണ്ട് പേരെയും ഗാസിയാബാദിലെ ലോണിയില്‍ നിന്ന് രണ്ട് പേരെയും പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. ലോണിയില്‍ നിന്ന് പിടിയിലായ സാജിദ് ജെയ്‌ഷെ മുഹമ്മദിന്റെ സജീവാംഗമാണെന്നും ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദനാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സാജിദുള്‍പ്പെടെയുള്ള മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കസ്റ്റഡിയിലായവരില്‍ നിന്നും ഐഇഡി ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും തിരക്കേറിയ മാര്‍ക്കറ്റുകളിലും ഒരേ സമയം സ്‌ഫോടനം നടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികളും പൊലീസും തെരച്ചില്‍ നടത്തുകയാണ്. തീവ്രവാദികളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.