കുട്ടികളെ മതപ്രകാരം തരംതിരിച്ചിരുത്തിയിട്ടില്ലെന്നും  പല കാര്യങ്ങൾക്കും അവർ തമ്മിൽ തല്ലാറുണ്ടെന്നും അതുകൊണ്ട് അച്ചടക്കതിന് വേണ്ടിയാണ് വിദ്യാർത്ഥികളെ മാറ്റി ഇരുത്തിയതെന്നുമാണ്  സ്കൂള്‍ പ്രിന്‍സിപ്പാലിന്‍റെ വാദം. 

ദില്ലി: ദില്ലിയിലെ സ്‌കൂളില്‍ ഹിന്ദു - മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്‍ത്തിരിച്ചിരുത്തിയതായി ആരോപണം. വടക്കന്‍ ദില്ലിയിലെ വസീറാബാദിലുള്ള ആണ്‍ കുട്ടികൾ പഠിക്കുന്ന എംസിഡി എന്ന പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികളെ മതത്തിന്റെ പേരിൽ തരംതിരിച്ചിരുത്തിയെന്ന ആരോപണവുമായി സ്കൂളിലെ അധ്യാപകരാണ് രംഗത്തെത്തിരിക്കുന്നത്.

അതേ സമയം അധ്യാപകരുടെ ആരോപണം നിഷേധിച്ചു കൊണ്ട് സ്കൂളിലെ താത്കാലിക പ്രഥമാധ്യപകനായ സിബി സിങ് ഷെറാവത് രംഗത്തെത്തി. കുട്ടികളെ മതപ്രകാരം തരംതിരിച്ചിരുത്തിയിട്ടില്ലെന്നും പല കാര്യങ്ങൾക്കും അവർ തമ്മിൽ തല്ലാറുണ്ടെന്നും അതുകൊണ്ട് അച്ചടക്കതിന് വേണ്ടിയാണ് വിദ്യാർത്ഥികളെ മാറ്റി ഇരുത്തിയതെന്നുമാണ് ഷെറാവത്തിന്റെ വാദം. 

‌എന്നാൽ ഷെറാവത്ത് ചുമതലയേറ്റതിന് പിന്നാലെയാണ് കുട്ടികളെ ഇത്തരത്തിൽ വേർതിരിച്ചിരുത്താൻ തുടങ്ങിയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മറ്റ് അധ്യാപകരെ പോലും അറിയിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും ആരോപണമുണ്ട്.

ചില അധ്യാപകര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സ്വന്തം ജോലി നോക്കിയാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചതെന്നും പരാതിയുണ്ട്. എംസിഡി സോണല്‍ ഓഫീസില്‍ ചില അധ്യാപകര്‍ പരാതി ഉന്നയിച്ചെങ്കിലും ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 

representative image