രാജ്യത്ത് മുഴുവനുമായി മാംസ വില്‍പന നിരോധിക്കണമെന്നാണ് ശ്രീ ഹനുമാന്‍ ഗാഡി ക്ഷേത്രത്തിലെ പൂജാരി ധര്‍മദാസ് പക്ഷാകാര്‍ ആവശ്യപ്പെട്ടത്. അതേസമയം, വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ മുഹമ്മദ് ഇഖ്ബാല്‍ അന്‍സാരി പ്രതികരിച്ചു

ലക്നൗ: ഫെെസാബാദ് എന്ന പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ജില്ലയില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യവും ഉയരുന്നു. അയോധ്യ പുണ്യ സ്ഥലമാണെന്നും ഈ നഗരത്തില്‍ മാംസവും മദ്യവും വിറ്റിരുന്നില്ലെന്നും ആചാര്യന്‍ സത്യേന്ദ്ര ദാസ് എഎന്‍ഐയോട് പറഞ്ഞു.

ആരോഗ്യകരമായ ജീവിതരീതിയിലേക്ക് ഈ നിരോധനം നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി അയോധ്യ പുണ്യഭൂമിയാണ്. ഇപ്പോള്‍ ഫെെസാബാദ് വീണ്ടും അയോധ്യയാകുമ്പോള്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മറ്റ് പൂജാരികളും സമാന ആവശ്യം ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് മുഴുവനുമായി മാംസ വില്‍പന നിരോധിക്കണമെന്ന് ശ്രീ ഹനുമാന്‍ ഗാഡി ക്ഷേത്രത്തിലെ പൂജാരി ധര്‍മദാസ് പക്ഷാകാര്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ മുഹമ്മദ് ഇഖ്ബാല്‍ അന്‍സാരി പ്രതികരിച്ചു.

മാംസ-മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നുള്ള വാദത്തിനെതിനെ ഇതിനകം നിരവധി പേര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിക്കുകയായിരുന്നു. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു.

അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പേരുമാറ്റം. അയോധ്യയിലെ രാം കഥാ പാര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.