കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ജെ.വി വിളനിലത്തിനെതിരെ, വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു, ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ ഡോ. എന്‍ നാരായണന്‍ നായര്‍. ഭരണസ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ അനധികൃതമായി മക്കള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കൊടുത്തു എന്നാണ് ആക്ഷേപം. അന്ന് സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയും ഡീനുമായിരുന്നത് ഇരുവരുടേയും അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു‍. അച്ഛനും അമ്മാവനും താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ചെയ്തതും ലോ അക്കാദമിയിലെ അധ്യാപകര്‍ തന്നെയായിരുന്നു. 

ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന് വ്യക്തമായതിന് പിന്നാലെയാണ്, ലക്ഷ്മി നായരുടെ ബിരുദത്തിലും സംശയം ഉയരുന്നത്. ലക്ഷ്മി നായരുടെ മകളുടെ റാങ്ക് മാറ്റമാണ് മറ്റൊരു വിവാദം. ഒന്നാം റാങ്ക് മൂന്നാം റാങ്കായതിനെ കുറിച്ച്, സര്‍വ്വകലാശാല അന്വേഷണം പോലും നടത്തിയില്ലെന്നാണ് ആക്ഷേപം. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പുതിയ പരാതികള്‍ ഉയരുമ്പോഴാണ് പഴയ സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്.