ദില്ലി:ചരക്ക് സേവന നികുതിയിൽ ഇനിയും ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറായി. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് നയരൂപീകരണ വിദഗ്ദൻ സാം പിട്രോഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകാധിപത്യം അല്ല ഇന്ത്യയ്ക്ക് ആവശ്യം. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. മൂന്ന് ശതമാനം വോട്ട് കൂടുതൽ കിട്ടുന്നവരുടെ കൈയിൽ നൂറ് ശതമാനം അധികാരം കേന്ദ്രീകരിക്കപ്പെടുന്നു.
രാഹുൽ ഗാന്ധി ഗുജറാത്തിലെമ്പാടും നടത്തുന്ന നവസർജൻ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങിയത്. രാവിലെ രാഹുൽ പട്ടേൽ സമുദായത്തിന്‍റെ ശക്തമായ പിന്തുണയുള്ള അക്ഷർദാം ക്ഷേത്രം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ജൻമനാടുൾപ്പെട്ട ബിജെപി ശക്തികേന്ദ്രമായ വടക്കൻ ഗുജറാത്തിലൂടെയാണ് രാഹുലിന്‍റെ യാത്ര.
കോൺഗ്രസിന്‍റെ സമ്മർദം കാരണമാണ് ജിഎസ്ടിയിൽ കേന്ദ്രം ഇളവ് നൽകിയതെന്ന് അവകാശപ്പെട്ട രാഹുൽ ഗാന്ധി ചരക്കുസേവന നികുതിയിൽ ഇനിയും ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ പ്രകടനപത്രിക തയ്യാറാക്കാൻ ചുമതലയേറ്റെടുത്ത പ്രമുഖ നയരൂപീകരണ വിദഗ്ദൻ സാം പിട്രോഡ ജനങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മോദി ഏക അധികാരകേന്ദ്രമാവുകയാണെന്നും സാം പിട്രോഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
