ദില്ലി: അടിമത്വത്തിന്റെ പ്രതീകമായ താജ്മഹല്‍ പൊളിക്കണമെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ രംഗത്ത്. താജ്മഹല്‍ അപമാനമെങ്കില്‍ അടിമത്വത്തിന്റെ പ്രതീകമായ രാഷ്ട്രപതി ഭവനും പാര്‍ലമെന്റും കുത്തബ് മിനാറും ആദ്യം പൊളിക്കണമെന്നായിരുന്നു അസംഖാന്റെ മറുപടി. 

'താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ്, ഇതിന് എന്ത് ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്?. താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കും' എന്നായിരുന്നു ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പരാമര്‍ശം.

ഉത്തര്‍പ്രദേശിന്റെ ടൂറിസ്റ്റ് ബുക്ക്ലറ്റില്‍ നിന്ന് കഴിഞ്ഞയിടയ്ക്ക് താജ്മഹലിനെ നീക്കം ചെയ്തിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു നേതാവിന്റെ പ്രസ്താവന. 

യുപി ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ചില ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് പ്രാധാന്യമാണ് അവകാശപ്പെടാനുളളത്?. സ്വന്തം പിതാവിനെ തടവില്‍ പാര്‍പ്പിച്ചയാളാണ് ഷാജഹാന്‍'.ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനും അയാള്‍ ശ്രമിച്ചു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ മാറ്റുമെന്ന് നേതാവ് പറഞ്ഞിരുന്നു.