ന്യൂഡല്‍ഹി: നോട്ടുവിഷയത്തിൽ മൂന്നാംദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാർ ഇരുസഭകളെയും അറിയിച്ചു. ലോക്സഭയിൽ എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നൽകി. ഉറി പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യത്തോട് മാപ്പുപറയണമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി മുക്താര്‍ നഖ് വി ആവശ്യപ്പെട്ടു.

നോട്ടുവിഷയത്തിൽ ലോക്സഭയിൽ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുണ ഖാര്‍ഖെയും, രാജ്യസഭയിൽ ഗുലാംനബി ആസാദുമാണ് അടിയന്തിര ചര്‍ച്ചവേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്ക് തയ്യാറെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ബഹളുവുമായി പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ഇരുസഭകളുടെയും നടുത്തളത്തിലേക്കിറങ്ങി. ഉറി ഭീകരാക്രമണത്തിൽ മരിച്ചതിനെക്കാൾ കൂടുതൽ പേർ നോട്ടുമാറിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്‍റെ ഇന്നലത്തെ പ്രസ്താവന ആയുധമാക്കി സര്‍ക്കാർ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. ഗുലാംനബി ആസാദ് രാജ്യത്തോട് മാപ്പുപറയണമെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ആവശ്യപ്പെട്ടു.

അതേസമയം നോട്ടുമാറ്റത്തിലൂടെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാക്കിയാണ് സര്‍ക്കാരാണ് രാജ്യത്തോട് മാപ്പുപറയേണ്ടതെന്ന് ഗുലാംനബി ആസാദ് മറുപടി നൽകി. സഭാനടപടികൾ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷത്തെ ശക്തമായി നേരിടാൻ എല്ലാ അംഗങ്ങളും സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രധാനമന്ത്രി എന്തുകൊണ്ട് സഭയിൽ വരുന്നില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി ചോദിച്ചു. നോട്ടുമാറ്റത്തിനെതിരെ തൃണമൂൽ എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തിൽ മണ്‍കലവുമായി പ്രതിഷേധ ധര്‍ണ്ണ നടത്തി.