രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് രണ്ടാഴ്‌ച പിന്നിട്ടപ്പോള്‍, നാലു ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്‌ടമായതായി റിപ്പോര്‍ട്ട്. പ്രമുഖ ബിസിനസ് ദിനപത്രമായ ദി ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നോട്ട് പിന്‍വലിക്കല്‍, സാമ്പത്തിക-തൊഴില്‍ മേഖലകളെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും കടകളിലെയും ജൂവലറികളിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്‌ടമായത്. കച്ചവടം കുറഞ്ഞതോടെ, തൊഴിലുടമകള്‍, ജീവനക്കാരെ പിരിച്ചുവിടുകയും, കടകള്‍ അടച്ചിടുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും വസ്‌ത്രവ്യാപാരമേഖലയെയും സ്വര്‍ണാഭരണ വിപണിയെയുമാണ് നോട്ട് പിന്‍വലിക്കല്‍ സാരമായി ബാധിച്ചത്. ഈ മേഖലകളിലെ ഉള്‍പ്പടെ നാലു ലക്ഷത്തോളം പേര്‍ക്ക് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി ജീവനക്കാര്‍ക്ക് ദിവസങ്ങളായി ശമ്പളം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നോട്ട് പിന്‍വലിക്കല്‍ വ്യാപാര വാണിജ്യ വ്യവസായ മേഖലകളെ സാരമായി ബാധിച്ചതായി വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ച സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.