ദില്ലി: ബാങ്കുകളിലേക്ക് തിരിച്ചെത്തിയ അസാധുനോട്ടുകൾ മുഴുവൻ എണ്ണിനോക്കാൻ നടപടി തുടങ്ങിയെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. 97 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് റിസർവ്വ് ബാങ്ക് നിലപാട് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കൽ താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കാമെന്ന് രാഷ്ട്പതി പ്രണബ് മുഖർജി മുന്നറിയിപ്പു നല്‍കി.

500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ അസാധുവാക്കിയപ്പോൾ പൊതുവെയുണ്ടായിരുന്ന വിലയിരുത്തൽ രണ്ടരലക്ഷം കോടിയുടെ നോട്ടുകൾ എങ്കിലും തിരിച്ചു വരില്ല എന്നായിരുന്നു. ഇപ്പോൾ ഇതിൽ 14.97 ലക്ഷം കോടി, അതായത് 97 ശതമാനം നോട്ടുകൾ തിരിച്ചെത്തിയാണ് പിടിഐ, ബ്ളൂംബർഗ് തുടങ്ങിയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഈ കണക്കുകൾ തെറ്റാമെന്ന് റിസർവ്വ് ബാങ്ക് പ്രസ്താവന പുറത്തിറക്കി. 

കറൻസി ചെസ്റ്റുകളിലെ രേഖകൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ടാണ് നേരത്തെ വന്നത്. എന്നാൽ നോട്ടുകളെല്ലാം എണ്ണി നോക്കാനുള്ള നടപടി തുടങ്ങി. ഇതിനു ശേഷമുള്ള യഥാർത്ഥ കണക്ക് ഏത്രയും വേഗം പുറത്തുവിടുമെന്ന് റിസർവ്വ് ബാങ്ക് ചീഫ് ജനറൽ മാനേജർ ജോസ് ജെ കാട്ടൂർ അറിയിച്ചു. ഇതിനിടെ അസാധുനോട്ടുകൾ ഇനി മാറ്റി വാങ്ങാനുള്ള സൗകര്യം പ്രവാസികൾക്കും വിദേശയാത്രയിൽ ആയിരുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തിയതിൽ ദില്ലിയുൾപ്പടെയുള്ള റിസർവ്വ് ബാങ്ക് ഓഫീസിനു മുന്നിൽ പഴയ നോട്ടുമായെത്തിയവർ പ്രതിഷേധിച്ചു

നോട്ട് അസാധുവാക്കിയ തീരുമാനം കള്ളപ്പണം മരവിപ്പിക്കാൻ സഹായിച്ചെങ്കിലും താല്‍കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് രാഷ്ട്പതി പ്രണബ് മുഖർജി മുന്നറിയിപ്പു നല്കി. പാവങ്ങളുടെ ദുരിതം അധികകാലം നീണ്ടു നില്ക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും രാഷ്ട്പതി ഗവർണ്ണർമാർക്കുള്ള പുതുവർഷ സന്ദേശത്തിൽ പറഞ്ഞു. ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികൾ നല്ലതാണെങ്കിലും ദരിദ്രർക്ക് അത്രകാലം പിടിച്ചു നില്ക്കാനാകുമോ എന്ന് രാഷ്ടപതി സംശയം പ്രകടിപ്പിച്ചത് ശ്രദ്ധേയമായി.