ഗുഡ്ഗാവ്: ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിയുടെ ചികിത്സാ ചെലവായി 18 ലക്ഷം രൂപ ഇടാക്കിയ സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുഡ്ഗാവിലെ ഫോർറ്റിസ് മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് മാതാപിതാക്കളോട് വൻതുക ചികിത്സാ ചെലവായി ആവശ്യപ്പെട്ടത്. പിതാവിന്റെ സുഹൃത്ത് സമൂഹ മാധ്യമത്തിലൂടെ ആശുപത്രി ബില്ലിന്റെ ചിത്രം പുറത്തുവിട്ടതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദ്യ സിംഗ് 15 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. കുട്ടിയെ എംആര്‍ഐ സ്കാനിംഗിന് വിധേയമാക്കിയിരുന്നു. ചികിത്സയ്ക്കൊടുവിൽ സാധാരണ നിലയില്‍ എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും മരണം സംഭവിച്ചു. ഇതോടെ പിതാവിന്റെ സുഹൃത്ത് ബില്ലിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ബില്ല് വന്നപ്പോൾ 660 സിറിഞ്ച്, 2,700 ഗ്ലൗസ് എന്നിവയുടെ തുകയും ഇടാക്കിയിട്ടുണ്ട്. മരുന്നിന് മാത്രം നാല് ലക്ഷം രൂപയും ഗ്ലൗസിന് 2.7 ലക്ഷം രൂപയും ഇടാക്കി. 13 രൂപ വിലയുള്ള സ്ട്രിപിന് 200 രൂപയും 500 രൂപയുടെ മരുന്നിന്റെ സ്ഥാനത്ത് 3,500 രൂപ വിലയുള്ളതുമാണ് വാങ്ങിച്ചിരുന്നതെന്നും പിതാവ് ജയന്ത് സിംഗ് കുറ്റപ്പെടുത്തി.
