ഗുഡ്ഗാവ്: ആധാര്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. മുന്നി എന്ന 25 കാരിക്കാണ് ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.

പ്രസവവേദനയെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവ് ബബ്ലുവിനെയും കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ ചികിത്സ നിേധിക്കുകയായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്. എന്നാല്‍, ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ സ്‌കാനിംഗ് നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചു. ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെത്തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. 

ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയിലേക്ക് ഓടിക്കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ആധാര്‍ കാര്‍ഡ് കയ്യിലില്ലാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടായതെന്നുമുള്ള നിലപാടിലാണ് യുവതിയുടെ കുടുംബം. അമ്മയും കുഞ്ഞും ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ തന്നെ മാതൃശിശു വിഭാഗത്തിന്റെ പരിചരണയിലാണ്.