കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനും ദില്ലാ ഭരണകൂടവും ചേര്‍ന്ന് വ്യത്യസ്ഥമായ ചടങ്ങ് സംഘടിപ്പിച്ചത്.

കർവാർ: പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ അറബിക്കടലില്‍ മുങ്ങി ഡെപ്യൂട്ടി കമ്മീഷണറും ഉദ്ദ്യോഗസ്ഥരും. കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനും ദില്ലാ ഭരണകൂടവും ചേര്‍ന്ന് വ്യത്യസ്ഥമായ ചടങ്ങ് സംഘടിപ്പിച്ചത്.

2000 ജനുവരി ഒന്നിന് ജനിച്ചവര്‍ക്ക് ഈ വര്‍ഷമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നത്. മില്ലേനിയല്‍സ് എന്നാണ് ഇവരെ വിളിക്കപ്പെടുന്നത്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണമാണ് ഉദ്ദ്യോഗസ്ഥര്‍ ആഘോഷപൂര്‍വ്വം നടത്തിയത്. ഇത്തരത്തില്‍ 13 പേരാണ് ഉത്തര കന്നഡ ജില്ലയില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. ഇവരില്‍ നിന്ന് തെരഞ്ഞെടുത്ത ദീക്ഷ, പൃഥ്വി എന്നിവര്‍ക്കാണ് കടലിനടിയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എസ് നകുല്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ എല്‍ ചന്ദ്രശേഖര നായിക്, സ്കൂബാ ഡൈവിങ് വിദഗ്ദന്‍ രഞ്ജിത്ത് പൂഞ്ച എന്നിവരാണ് ദേവഭാഗ് ബീച്ചില്‍ അറബിക്കടലില്‍ 15 അടിയോളം ആഴത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്. 15 മിനിറ്റോളം മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. 

മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.