റോത്തക്: ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ജയിലില്‍ ഭ്രാന്തമായ അവസ്ഥയിലാണെന്ന് അടുത്തിടെ ജയില്‍ മോചിതനായ സഹതടവുകാരന്‍ സ്വദേശ് കിരാതിന്റെ വെളിപ്പെടുത്തല്‍.

ജയിലില്‍ പഞ്ചാബിയില്‍ സദാസമയം പിറുപിറുക്കയും അസാധാരണമായി പെരുമാറുകയും ചെയ്യുന്നതായി സ്വദേശ് പറയുന്നു. ' റബ്ബ മേര ക്യാ ഹോഗ' (ദൈവമെ എനിക്കെന്താണ് സംഭവിക്കുന്നത്) എന്നും ദൈവമെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നതായും സ്വദേശ് പറയുന്നു.

ജയിലില്‍ ഗുര്‍മീതിന് സാധാരണ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നതെന്നും, യാതൊരു സൗകര്യങ്ങളും ജയിലധികൃതര്‍ അധികമായി നല്‍കുന്നില്ലെന്നും സ്വദേശ് പറഞ്ഞു. ഗുര്‍മീത് രാത്രിയില്‍ വെള്ളം മാത്രമാണ് കുടിക്കുന്നത്. രാവിലെ പാല് കുടിക്കും. സഹതടവുകാരുമായി സംസാരിക്കാന്‍ തയ്യാറാവില്ല. ഏകാന്തനായി പിറുപിറുത്തുകൊണ്ടിരിക്കുകയാണ് പതിവെന്നും ജയില്‍ മോചിതനായ ശേഷം സ്വദേശ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ മാസം 28നാണ് ശിഷ്യകളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതി ഗുര്‍മീതിനെ 20 വര്‍ഷം തടവിന് വിധിച്ചത്. ദേര സച്ചാ സൗദ ആശ്രമത്തിന്റെ സ്ഥാപകനും പത്ത് ലക്ഷത്തിലധികം അനുയായികളുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ഗുര്‍മീത്. ജയില്‍ ആകുന്നതിനു മുമ്പ് അത്യാഢംബരത്തിലായിരുന്നു ഗുര്‍മീതിന്റെ ജീവിതം.