പഞ്ച്കുല: പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ദേര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീം സിംഗിന്റെ വിധിക്ക് ശേഷം കലാപം സംഘടിപ്പിക്കാന്‍ സംഘടന അഞ്ചു കോടി രൂപ ചിലവഴിച്ചതായി വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേരാ സച്ച സൗദ അംഗങ്ങളായ അദിത്യ ഇന്‍സാന്‍, ഹണീപ്രീത് ഇന്‍സാന്‍, സുരേന്ദര്‍ ദിമാന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.
ദേരാ മാനേജ്‌മെന്റില്‍ നിന്ന് പണം സ്വീകരിച്ച് അണികള്‍ക്ക് നല്‍കിയത് ദേരയുടെ പഞ്ച്കുല ബ്രാഞ്ച് മേധാവിയായ ചംകൗര്‍ സിംഗ് ആണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഹാലി ജില്ലയിലെ ദകോലി സ്വദേശിയാണ് ചംകൗര്‍. ഓഗസ്റ്റ് 28ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ രാജ്യമദ്രാഹകുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കുടുംബ സമേതം നാടുവിട്ടിരിക്കുകയാണ്.
പഞ്ച്കുലയിലേതു പോലെ പഞ്ചാബിന്റെ പല ഭാഗത്തും ദേര സച്ച സൗദ പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഗുര്‍മീതിന്റെ വിധിക്കു പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും ദേരാ അനുയായികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായും അന്വേഷണ സംഘം പറയുന്നു.
ചംകൗറിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അതിനായി ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു. സംഘര്‍ഷത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നും ഡി.ജി.പി പറഞ്ഞു. സംഘര്‍ഷത്തിന് പണം ഒഴുക്കിയെന്ന് കരുതുന്ന ഒരു ഹോര്‍ട്ടികള്‍ച്ചര്‍ ശാസ്ത്രജ്ഞനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
