പഞ്ചകുല: ബലാത്സംഗക്കേസില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്‍റെ പേരിലുളള ആഡംബര കാറുകളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന പൊലീസ്. ഗുര്‍മീത് അനധികൃതമായിട്ടാണ് കാറുകള്‍ ഇറക്കുമതി ചെയ്തതെന്നാണ് ആരോപണം. പല പേരുകളിലായി പല സ്ഥലങ്ങളിലാണ് ഗുര്‍മീത് വാഹനങ്ങള്‍ വാങ്ങിയത്. ഒരു കോടിക്ക് മുകളില്‍ വില വരുന്ന ആഡംബര വാഹനങ്ങളിലാണ് ഗുര്‍മീത് തട്ടിപ്പ് നടത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഹരിയാന അന്വേഷണസംഘം പ്രത്യേക വിഭാഗത്തെ നിയോഗിച്ചു.
അതേസമയം ഗുര്‍മീതിന്‍റെ വാഹന ശേഖരത്തില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഗുര്‍മീതിന് ബുള്ളറ്റ് പ്രൂഫ് കാര്‍ എങ്ങിനെ ലഭ്യമായെന്ന് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആഗസ്റ്റ് 25ന് ഗുര്‍മീതിന് അകമ്പടിയായി എട്ട് സ്പോര്‍ട്ടസ് യൂട്ടിലിറ്റി വാഹനങ്ങളാണ് എത്തിയത്. എട്ടില്‍ ബുളളറ്റ് പ്രൂഫ് സംവിധാനമുളള ഒരെണ്ണം ഉള്‍പ്പെടെ മൂന്ന് കാറുകളില്‍ ക്രമക്കേട് കണ്ടെത്തി. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ ഗുര്‍മീതിന് കാര്‍ ലഭിക്കുമായിരുന്നു.
ആഡംബര കാര്‍ ബ്രാന്‍റായ ടൊയോട്ടയുടെ ആര്‍എക്സ്450 എച്ച്, ഇഎസ് 300 എച്ച്, എല്‍ക്സ്450 ഡി/എല്‍എക്സ്570 എന്നിവ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവയുടെ യുണിറ്റുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിന് 120 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത് . വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറുകള്‍ റെക്കോഡുകളില്‍ നിന്ന് വ്യത്യസ്ഥമാണെന്നും അന്വേഷണസംഘം കണ്ടെത്തി.
ദേരയിലേക്ക് നികുതി വെട്ടിപ്പ് നടത്തി ആഡംബരകാറുകള്‍ ഇറക്കുമതിക്ക് മാത്രമായി ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായിട്ടാണ് പൊലീസിന് ലഭിച്ച സൂചന. ഇക്കാര്യം പരിശോധിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ ഹരിയാന പൊലീസ് നിയോഗിച്ചത്.
