തിരുവനന്തപുരം : എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് തള്ളി ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫ്. എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വന്ന പോസ്റ്റിന് മറുപടിയായാണ് ദേശാഭിമാനി വാരിക എഡിറ്റര്‍ ഇന്‍ ചീഫ് സിപി അബൂബക്കര്‍ ബേബിയെ തള്ളിപ്പറഞ്ഞത്.
ബേബിയുടെത് പോപ്പുലിസമാണ്, സത്യവുമായി അതിന് പുലബന്ധം പോലും ഇല്ല എന്നാണ് ബേബിയെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന് സി പി അബൂബക്കര്‍ മറുപടി പറഞ്ഞത്. സി പി ഐ എം പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫാണ് സി പി അബൂബക്കര്‍. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്കകെതിരെ നടന്ന പൊലീസ് നടപടിയെ തള്ളിക്കൊണ്ട് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം എ ബേബി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മരിച്ച മകന് നീതി തേടി പൊലീസ് ആസ്ഥാനത്ത് എത്തിയ അമ്മയ്ക്ക് നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ പൊലീസ് നയം മനസ്സിലാകാത്തവര്‍ ചെയ്തതാണ് എന്നാരംഭിക്കുന്നതായിരുന്നു ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസിന് ചില പണികള്‍ ഉണ്ടെന്നും സാമൂഹ്യവിരുദ്ധ കുറ്റങ്ങളും ക്രമക്കേടുകളും ഇല്ലാതാക്കുന്നതില്‍ പൊലീസ് നിര്‍വ്വീര്യമാകുന്നു എങ്കില്‍ ഇത് സംസ്ഥാനത്തിന് ആപത്താണ് എന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബേബിയുടെ ഈ നിലപാടിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം വന്‍ പിന്തുണയും ലഭിച്ചു. ഈ നിലപാട് പോപ്പുലിസം ആണെന്നാണ് അബൂബക്കറിന്റെ നിലപാട്. രണ്ട് മാസം മുന്‍പാണ് പാര്‍ട്ടി അംഗമായ സി പി അബൂബക്കര്‍ ദേശാഭിമാനി എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റത്. ബേബിയുടെ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയും നല്‍കി.
