ജയ്‍പൂര്‍: രാജസ്ഥാനിലെ ഇലക്ഷന്‍ പരാജയത്തിന് പിന്നാലെ ബിജെപിയെ ഞെട്ടിച്ച് ലഭിച്ച വോട്ടുകള്‍. ഏഴുമാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെ കണ്ട ബിജെപിയ്ക്ക് ചില ബൂത്തുകളില്‍ ഒരു വോട്ട് പോലും ലഭിച്ചിട്ടില്ലെന്നാണ് സൂക്ഷപരിശോധനയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നിട്ട് കൂടി കോണ്‍ഗ്രസായിരുന്നു മികച്ച വിജയം നേടിയത്. 

കോണ്‍ഗ്രസിന്റെ വിജയവും തങ്ങളുടെ തോല്‍വിയും തമ്മിലുള്ള അന്തരം ഇത്രയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223–ാം നമ്പർ ബൂത്തിൽ ബിജെപി സ്ഥാനാർഥിക്കു കിട്ടിയത് വെറും ഒരു വോട്ട്. കോൺഗ്രസിന് 582. ബൂത്ത് 224 ൽ ബിജെപി രണ്ടു വോട്ടു നേടിയപ്പോൾ കോൺഗ്രസിന് 500 വോട്ടാണ് ലഭിച്ചത്. ദുധു നിയമസഭാ മണ്ഡലത്തിൽ 49–ാം ബൂത്തിൽ ഭരണകക്ഷിക്ക് ഒരു വോട്ടു പോലും നേടാനായില്ല. കോൺഗ്രസിന് ഇവിടെ 337 വോട്ടുണ്ട്. ബിജെപിയുടെ ഇല‍ക്‌ഷൻ ഏജന്റുമാർ പോലും പാർട്ടിക്കു വോട്ടുചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മോദി പ്രഭാവത്തിൽ 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിറ്റേ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട കോൺഗ്രസിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതാണു വിജയം. ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് ശക്തമായി തുടരുന്നതിന്റെ സൂചനകളാണിതെന്നാണു വിലയിരുത്തുന്നത്. പക്ഷേ, ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാണെന്നു പുതിയ കണക്കുകൾ നല്‍കുന്ന സൂചന.