സുപ്രീംകോടതിയെ നിലപാട് അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനവന്തപുരം: നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില് നിലപാടെടുത്ത ദേവസ്വം ബോര്ഡ് നിലപാട് മാറ്റി. സര്ക്കാര് നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്ഡിന്റെ തീരുമാനം. സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്.
ഈ നിലപാട് വരും ദിവസം ബോര്ഡ് സുപ്രീംകോടതിയെ അറിയിക്കും. കേസിൽ അടുത്ത വാദം ചൊവ്വാഴ്ച നടക്കും. നേരത്തേ സ്ത്രീ പ്രവേശനത്തെ എതിര്ത്ത് നിലപാടെടുത്ത ബോര്ഡ് ഇനി നിലപാട് മാറ്റിയാല് സുപ്രീംകോടതിയില് നിന്ന് ഏറ്റുവാങ്ങേണ്ടി വരിക രൂക്ഷ വിമര്ശനമായിരിക്കുമെന്നാണ് വിലയിരുത്തല്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചപ്പോള് ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്ക്കുകയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്തത്.
ശബരിമലയിൽ പത്തിനും അൻപതിയും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ദേവസ്വം ബോർഡ് കോടതിയിൽ വിശദീകരിച്ചിരുന്നു. സ്ത്രീകൾക്ക് 41 ദിവസം വ്രതം നോൽക്കുന്നത് അസാധ്യമാണെന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി.
എന്നാൽ സ്ത്രീകൾക്ക് അസാധ്യമായ കാര്യങ്ങൾ വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നായിരുന്നു ഇൗ വാദത്തോടുള്ള സുപ്രീംകോടതിയുടെ ചോദ്യം. 50 വയസ്സുവരെയാണ് ആർത്തവ കാലം എന്നത് എങ്ങനെ പ്രായോഗികമാകുമെന്ന് കോടതി ആരാഞ്ഞു. ഒരു സ്ത്രീക്ക് 45 വയസ്സിൽ ആർത്തവകാലം കഴിഞ്ഞാൽ നിയന്ത്രണം തെറ്റാവില്ലേയെന്ന് ചോദിച്ച കോടതി കേരളത്തിൽ സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന ക്ഷേത്രങ്ങളിൽ ഇനി പുരുഷൻമാരേയും കയറ്റാമോ എന്നും ആരാഞ്ഞു.
അതേസമയം ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത് പന്തളം രാജകുടുംബം രംഗത്തെത്തി. സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സർക്കാർ നിലപാടിൽ ദുഖമുണ്ടെന്ന് രാജകുടുംബാംഗങ്ങൾ പറഞ്ഞു.
ഇൗ വിഷയത്തിൽ സർക്കാരിന്റേതോ രാഷ്ട്രീയ പാർട്ടികളുടേയോ അഭിപ്രായമല്ല ദേവസ്വം ബോർഡിന്റേയും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റേയും നിലപാടാണ് പരിഗണിക്കേണ്ടതെന്നും ഇവർക്കെല്ലാം ഇൗ വിഷയത്തിൽ സ്ത്രീപ്രവേശന വിഷയത്തിൽ ഒരേ നിലപാടാണുള്ളതെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ വർമ്മ പറഞ്ഞു.
ആചാരം കണക്കിലെടുത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തങ്ങൾ എതിർക്കുന്നത്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. അതിനാൽ തന്നെ ശബരിമലയിലെ ആചാരങ്ങളും ആ വിശ്വാസത്തെ പിൻപ്പറ്റിയുള്ളതാണ്. അല്ലാതെ പ്രായം, ആർത്തവം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചല്ല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്നും രാജകുടുംബം വിശദീകരിച്ചു.
