സർവേ ഫലങ്ങളെല്ലാം തൂക്കുസഭ പ്രവചിക്കുന്ന കർണാടകത്തിൽ 2006 ആവർത്തിക്കുമെന്ന് വിലയിരുത്തലുകളുണ്ട്.
ബെംഗളൂരു: 2006ൽ ബിജെപിയുമായി സഖ്യമുണ്ടാക്കി എച്ച് ഡി കുമാരസ്വാമി തനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. കോൺഗ്രസും ബിജെപിയും ഒരു പോലെ തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരാണെന്നും വർഗീയ രാഷ്ട്രീയത്തെ വളർത്തുകയാണ് മോദിയെന്നും ദേവഗൗഡ പറഞ്ഞു. തൂക്കുസഭ വന്നാൽ ജെഡിഎസ് ബിജെപി ധാരണയുണ്ടായേക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്.
ജെഡിഎസ് സെക്കുലറല്ല,സംഘപരിവാറാണെന്നും ബിജെപിയുടെ ബി ടീമാണെന്നുമുളള കോൺഗ്രസിന്‍റെ ആരോപണങ്ങൾ. തൂക്കുസഭ വന്നാൽ യെദ്യൂരപ്പയെ തുണക്കുമെന്നടക്കമുളള വിമർശനങ്ങൾ....ഇതിനുളള മറുപടിയിലാണ് മകൻ എച്ച് ഡി കുമാരസ്വാമിയുടെ 2006ലെ സഖ്യത്തെ ദേവഗൗഡ തുറന്ന് എതിർത്തത്.സിദ്ധരാമയ്യ ഉൾപ്പെടെ പ്രമുഖ നേതാക്കളെയെല്ലാം കോൺഗ്രസ് അടർത്തിയെടുത്തപ്പോൾ നിവൃത്തിയില്ലാതായി. അതുകൊണ്ടാണ് കുമാരസ്വാമി ബിജെപിക്കൊപ്പം ചേരാൻ തീരുമാനിച്ചത്. എന്നാൽ നഷ്ടം വന്നത് തനിക്കും തന്‍റെ മതേതരമുഖത്തിനുമാണെന്ന് ദേവഗൗഡ പറയുന്നു.
കോൺഗ്രസും ബിജെപിയും ജെഡിഎസിന്‍റെ ശത്രുക്കളാണ്. മോദി വർഗീയ രാഷ്ട്രീയം വളർത്തുകയാണ്. അവസരവാദ രാഷ്ട്രീയം ഒരുപാട് കളിച്ച കോൺഗ്രസിന് അതിന്‍റെ പേരിൽ തങ്ങളെ വിമർശിക്കാൻ അവകാശമില്ല.ഇനിയൊരു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും കോൺഗ്രസ്-ബിജെപി ഇതര മുന്നണിക്ക് മാർഗനിർദേശം നൽകുമെന്നും ദേവഗൗഡ പറയുന്നു..
സർവേ ഫലങ്ങളെല്ലാം തൂക്കുസഭ പ്രവചിക്കുന്ന കർണാടകത്തിൽ 2006 ആവർത്തിക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇൗ സാഹചര്യത്തിലാണ് ദേവഗൗഡയുടെ പരാമർശമെന്നതാണ് ശ്രദ്ധേയം. ഇനിയുംചീത്തപ്പേരുണ്ടാക്കാൻ കുമാരസ്വാമിക്ക് ദേവഗൗഡ അനുവാദം കൊടുക്കുമോ എന്നതാവും ചോദ്യം. ബിജെപിയോടുളള ജെഡിഎസിന്‍റെ മൃദുസമീപനവും സഖ്യസാധ്യതയും പ്രചാരണവിഷയമാക്കി ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന് തടയിടാനാണ് ദേവഗൗഡയുടെ തുറന്നുപറച്ചിലെന്നും വിലയിരുത്തലുണ്ട്.
