പെട്രോള്‍ വില വര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാനുള്ള നീക്കം പരാജയപ്പെട്ടതായി എം.പി അഹ്മദ് അല്‍ ഹുദൈബി അറിയിച്ചു. അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാന്‍ നിര്‍ദ്ദേശിച്ച് നല്കിയ അപേക്ഷയില്‍ 29 എംപിമാരാണ് ഒപ്പുവച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിനായി നാലു എംപിമാരുടെ കുറവുള്ളതിനാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പാര്‍ലമെന്റ് ഇപ്പോള്‍ വേനല്‍ക്കാല അവധിയിലാണ്. ഭൂരിപക്ഷം അംഗങ്ങള്‍ ഒപ്പുവച്ച് നല്കുന്ന അപേക്ഷയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കുകയാണെങ്കില്‍ മാത്രമേ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാനാകൂ. മറ്റു എം.പിമാരുടെ ഒപ്പ് ശേഖരിക്കാന്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ഹുദൈബി എം.പി ആരോപിച്ചു.
പെട്രോള്‍ വില വര്‍ദ്ധനവ് കൂടാതെ, മറ്റ് പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ശക്തമായ ചര്‍ച്ചയുണ്ടാകുമെന്ന കാരണത്താല്‍ സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സമ്മേളനത്തില്‍, രാജ്യത്തിന്റെ വരുമാന സ്രോതസ് വൈവിധ്യവത്കരിച്ച് നേടിയ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ മന്ത്രിമാരോടും ആവശ്യപ്പെടും. അടിയന്തര സമ്മേളനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പെട്രോള്‍ വിലവര്‍ദ്ധനവ് വിഷയത്തില്‍ ധനമന്ത്രിയെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കത്തില്‍ ഉറച്ചുനില്‌ക്കുമെന്ന് ഫൈസല്‍ അല്‍കന്ദാരി എം.പി ആവര്‍ത്തിച്ചു.
എന്നാല്‍, രാജ്യത്തിന്റെ സമ്പദ്ഘടനയെ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദമായി വിവരിക്കാന്‍ ഈയവസരം പ്രയോജനപ്പെടുമെന്നും കുറ്റവിചാരണ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ധനകാര്യ വകുപ്പ് മന്ത്രി അനസ് അല്സാലെഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
