കടലില്‍ യാത്ര സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ റെഡ് സോണില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ് മാപ്പ് പറഞ്ഞു. ആ സെല്‍ഫി അത്ര അപകടകരമല്ലായിരുന്നുവെന്ന് അമൃത ഫട്‌നാവിസ്.
മുംബൈ: കടലില്‍ യാത്ര സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ റെഡ് സോണില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ് മാപ്പ് പറഞ്ഞു. അപകടകരമായ രീതിയില്‍ സെല്‍ഫി എടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പ് പറച്ചില്‍. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍ സര്‍വ്വീസിന്‍റെ ഉദ്ഘാടന വേളയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കപ്പലിന്റെ അരികില്‍ അപകടകരമായ രീതിയില്‍ ഇരുന്നു കൊണ്ട് അമൃത ഫട്‌നാവിസ് സാഹസിക സെല്‍ഫിയെടുത്തത്.
അമൃത സെല്‍ഫിയെടുക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് തടിയൂരുന്നത്. താന്‍ സെല്‍ഫിയെടുത്തത് അപകടകരമായ വിധത്തിലല്ല. അതിന് താഴെ രണ്ടു ചുവടുകള്‍ കൂടി ഉണ്ടായിരുന്നതായി ഇവര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ താന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്നും അവര്‍ പറഞ്ഞു. സെല്‍ഫിയെടുക്കാല്‍ ആരും സാഹസികത കാണിക്കരുതെന്നും അമൃത യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഉദ്യോഗസ്ഥരെയും മറ്റ് യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് കപ്പലിന്‍റെ ഏറ്റവും മുന്‍ഭാഗത്തുള്ള സുരക്ഷാ മേഖലയും കടന്ന് ചെന്നത്. കണ്ട് നിന്നവര്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അമൃത അതൊന്നും കാര്യമാക്കുന്നില്ല. അമൃതയുടെ ' അപകടകരമായ സെല്‍ഫി' സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയായിരുന്നു.
കപ്പല്‍ യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോഴായിരുന്നു എവരെയും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി അമൃത സെല്‍ഫിയെടുത്തത്. അവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചേർന്നാണ് കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തത്.
