ഇടുക്കി: മുന്‍പരിജയമില്ലാതെ ഡ്രൈവര്‍മാര്‍ മലമുകളിലേക്ക് നടത്തുന്ന ജീപ്പ് സവാരി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം തഹസില്‍ദ്ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം അവഗണിച്ചു. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികള്‍ മലമുകളില്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ന്നതോടെയാണ് ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ ഷാജിയുടെ നേത്യത്വത്തില്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തുകയും ചെങ്കുത്തായ മലമുകളിലൂടെയുള്ള സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തത്.
2017 നവംബര്‍ മാസം രണ്ട് റിപ്പോര്‍ട്ടുകളാണ് തഹസില്‍ദ്ദാര്‍ നല്‍കിയത്. 200 ജീപ്പുകളാണ് പള്ളിവാസല്‍, ആനവരട്ടി, കുഞ്ചുതണ്ണി എന്നിവിടങ്ങളില്‍ സവാരി നടത്തുന്നത്. ഇത്തരം ജീപ്പുകളുടെ ഫിറ്റ്നസ്സും, രേഖകളും പരിശോധിക്കണമെന്നും, സവാരി നടത്തുന്ന പാതകള്‍ അപകടം നിറഞ്ഞതിനാല്‍ അനുവാദം നിക്ഷേധിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യറായിട്ടില്ല.
