ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങിവരോട് ഏതു സന്ദര്‍ഭവും നേരിടാന്‍ തക്കവിധമുള്ള നടപടികളെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഇടുക്കി. കാലവര്‍ഷം കനത്തതോടെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ദുരന്ത നിവാരണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിയുടെ നേതൃത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഏതു സമയത്തും ജാഗ്രത പുലര്‍ത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍മാരോട് സ്ഥലത്തു തന്നെ തുടരുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങിവരോട് ഏതു സന്ദര്‍ഭവും നേരിടാന്‍ തക്കവിധമുള്ള നടപടികളെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നാശനഷ്ടങ്ങളുടെ സ്ഥിതി വിവരങ്ങള്‍ അതാതു സമയത്തു തന്നെ ശേഖരിക്കുവാനും നടപടി സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് കറന്റ് ഇല്ലാതായത് ദുരന്ത് നിവാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സം സൃഷിക്കുന്നുണ്ട്. ദിവസങ്ങളോളം വൈദ്യുതി ബന്ധം നിലയ്ക്കുന്ന സ്ഥിതി തുടര്‍ന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതു പോലും അസാധ്യമാകും. ഇത് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം ബന്ധപ്പെടാനും ബുദ്ധിമുട്ടാവുകയും ദുരന്ത നിവാരണത്തെ ബാധിക്കുകയും ചെയ്യും. ദേവികുളത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണു. ബ്ലോക്ക് ഓഫീസിനു സമീപം വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് ദേവികുളത്ത് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. 13 ഓളം വൈദ്യുതി പോസ്റ്റുകളാണ് വിവിധയിടങ്ങളിലായി തകര്‍ന്നു കിടക്കുന്നത്. ദേവികുളത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും.