ശാന്തമായിട്ടുള്ള തിരക്കാണ്. പക്ഷേ. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വാമിയെ നന്നായി ദര്‍ശിക്കാനായെന്ന് മറ്റൊരു ഭക്തയും പ്രതികരിച്ചു. ഭക്ഷണത്തിനോ ശുചിമുറിക്കോ വെള്ളത്തിനോ ഒന്നും പ്രശ്നങ്ങളില്ല.

പമ്പ: യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ശബരിമല തീര്‍ഥാടനം സുഗമമാണെന്ന് ദര്‍ശനം നടത്തിയ ഭക്തര്‍. ഇതുവരെ അസൗകര്യമായി ഒന്നും തോന്നിയില്ലെന്നാണ് ഭകതര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ സംഭവങ്ങള്‍ കണ്ടപ്പോള്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, ഞങ്ങള്‍ക്ക് മുന്നേ പോയവര്‍ വന്ന് പറഞ്ഞു അവിടെ ഈ പറയുന്ന അത്രയും പ്രശ്നങ്ങളില്ലെന്ന്. പതിനെട്ടാം പടിയില്‍ രണ്ട് കെെയും തൊട്ട് തൊഴാനും സാധിച്ചു. പൊലീസിന്‍റെ വിളയാട്ടം എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ഒരു സംഭവമേയില്ലെന്നും സുഖമായി തൊഴാന്‍ സാധിച്ചെന്നും ഒരു ഭക്തന്‍ പ്രതികരിച്ചു.

കേരളത്തില്‍ നിന്നുള്ള ഭക്തര്‍ കുറവാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണ് കൂടുതലുള്ളത്. അവര്‍ക്ക് നന്നായി തൊഴാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിപാടുകള്‍ക്കും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ എല്ലാം ലഭിക്കുന്നുണ്ടെന്ന് ഒരു ഭക്ത പറഞ്ഞു. ദര്‍ശനത്തിനും നന്നായി സമയം ലഭിക്കുന്നുണ്ട്.

നാല് തവണയാണ് ഇത്തവണ ദര്‍ശനത്തിന് അവസരം ലഭിച്ചത്. ശാന്തമായിട്ടുള്ള തിരക്കാണ്. പക്ഷേ. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വാമിയെ നന്നായി ദര്‍ശിക്കാനായി.

ഭക്ഷണത്തിനോ ശുചിമുറിക്കോ വെള്ളത്തിനോ ഒന്നും പ്രശ്നങ്ങളില്ല. ചുക്ക് കാപ്പിയും പാല്‍ കാപ്പിയും എല്ലാം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസിന്‍റെ പരിശോധനയുണ്ട്. പക്ഷേ, അത് ബുദ്ധിമുട്ടിച്ചില്ലെന്നാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ ഭക്തന്മാരും പ്രതികരിച്ചത്.