പോക്‌സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നൽകണമെന്ന് പറയുന്നില്ല ദൃശ്യങ്ങൾ നശിപ്പിക്കാനോ മറച്ചുവെക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് വ്യക്തമാണ്.
കൊച്ചി:എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ്ചെയ്ത പോലിസ് നടപടിയെ തള്ളി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി) റിപ്പോർട്ട്. നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡി.ജി.പി സർക്കാറിന് കൈമാറി.
പോക്സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നൽകണമെന്ന് പറയുന്നില്ല. ആ നിലക്ക് ഈ വകുപ്പുകൾ പ്രകാരം മുഖ്യസാക്ഷിയായ തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങൾ നശിപ്പിക്കാനോ മറച്ചുവെക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് വ്യക്തമാണ്.
ഏപ്രിൽ 18 നാണ് സംഭവം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും പരാതി നൽകാൻ വൈകിയെന്ന പേരിൽ അറസ്റ്റ് ചെയ്തത് തെറ്റാണ്. സതീഷ് കുറ്റകൃത്യം മറച്ചുവെക്കാൻ മനഃപൂർവം ശ്രമിച്ചോയെന്നാണ് പരിശോധിക്കേണ്ടിയിരുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളുണ്ടായാൽ ഭാവിയിൽ ആളുകൾ തെളിവു നൽകാനും സാക്ഷി പറയാനും മടിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
