വാട്സ് ആപ്പിലൂടെ പ്രചാരണം നടത്തിയ 150 ഓളം പേര്‍ക്കെതിരെയാണ്  വടക്കന്‍ കേരളത്തില്‍ കേസെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം: തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലിനിടെ വടക്കന്‍ ജില്ലകളില്‍ വ‍ര്‍ഗ്ഗീയ വികാരം അഴിച്ചുവിടാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം എന്താണെന്ന് പോലീസ് പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ത്താലില്‍ സംഘര്‍ഷം വ്യാപകമായി നടന്ന വടക്കന്‍ കേരളത്തിലെ 5 ജില്ലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. സംഘര്‍ഷങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ രാഷ്ട്രീയ പാര്‍ട്ടികളും പോലീസ് നിരീക്ഷണത്തിലാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമായിരുന്നു. അറസ്റ്റിലായവരിലും, കേസില്‍ പെട്ടവരിലും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതു കൊണ്ടു തന്നെ പോലീസ് നിരീക്ഷണത്തിലാണ്. 

നിരോധനാജ്ഞയെ തുടര്‍ന്ന് എസ്ഡിപിഐ കോഴിക്കോട് നഗരത്തില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് മാറ്റി വച്ചെങ്കിലും മുപ്പതിന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കനാണ് തീരുമാനം. കോഴിക്കോട് നഗരപരിധിയില്‍ ഹര്‍ത്താല്‍ പ്രചാരണം നടത്തിയ 13 വാട്സ് ഗ്രൂപ്പ് അഡ്മിനുകളുടെ മൊഴി നടക്കാവ് പോലീസ് രേഖപ്പെടുത്തി. വാട്സ് ആപ്പിലൂടെ പ്രചാരണം നടത്തിയ 150 ഓളം പേര്‍ക്കെതിരെയാണ് വടക്കന്‍ കേരളത്തില്‍ കേസെടുത്തിരിക്കുന്നത്. 

സംഘര്‍ഷം നടന്ന മലപ്പുറത്തെ തീരദേശ മേഖലകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് നടക്കാന്‍ സാധ്യതയുണ്ട്. .കോഴിക്കോട്,കാസര്‍ഗോഡ്,കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട് .