തിരുവനന്തപുരം: അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി. ജേക്കബ് തോമസ് ഹൈക്കോടതിയിൽ. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. മാർച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും. 

സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം നടത്തുന്ന ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് നീങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്‍റെ നീക്കം. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ ജേക്ക്ബ് തോമസ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു. സസ്പെന്‍ഷനിലിരിക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തു. ഇതിനിടെയ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ കടപത്ത നടപടിക്കൊരുങ്ങി.

അഴിമതിവിരുദ്ധ നയത്തിന്റെ പശ്ചാത്തലത്തിൽ, തനിക്കു വേട്ടയാടലിനെതിരെ സംരക്ഷണം ആവശ്യമാണോ എന്ന് കേന്ദ്രവിജിലൻസ് കമ്മിഷണറുടെ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് ജേക്കബ് തേമസ് ആവശ്യപ്പെട്ടു. വ്യക്തിഗത സുരക്ഷയ്ക്കുള്ള അപകടസാധ്യത പരിഗണിച്ച് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ നിവേദനം പരിഗണിക്കാൻ കേന്ദ്രത്തോടു നിർദേശിക്കണം. സൽഭരണത്തിനായുള്ള പ്രവർത്തനങ്ങളും അഴിമതിവിരുദ്ധ സന്ദേശങ്ങളും ബോധവൽക്കരണങ്ങളും വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്‌ഷൻ നിയമത്തിന്റെ കീഴിലുള്ള വെളിപ്പെടുത്തലുകളുടെ പരിധിയിൽ വരുമെന്നു പ്രഖ്യാപിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.