ശ്രീജിത്തിൻറ കസ്റ്റഡിമരണത്തിന് പിന്നാലെ ലിഗയുടെ തിരോധാനത്തിലും പൊലീസ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടെ കുടുംബം . ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാൻ ചെന്നപ്പോ ഡി.ജി.പി ആക്രോശിച്ചുവെന്ന് ലിഗക്കൊപ്പമുള്ള സാമൂഹ്യപ്രവർത്തക അശ്വതി ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്.

ശ്രീജിത്തിൻറ കസ്റ്റഡിമരണത്തിന് പിന്നാലെ ലിഗയുടെ തിരോധാനത്തിലും പൊലീസ് പ്രതിക്കൂട്ടിൽ. കരഞ്ഞുകാര്യങ്ങൾ പറഞ്ഞപ്പോൾ പൊലീസുകാർ ചിരിച്ചുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ലിഗയുടെ സഹോദരി എലിസയുടെ വിമർശനം. പ്രതീക്ഷയോടെ ഡിജിപിയെ കാണാൻ ചെന്നപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചുവെന്ന് സാമൂഹ്യ പ്രവർത്തക അശ്വതി ന്യൂസ് അവറിൽ പറഞ്ഞു. ഡി.ജി.പി ആക്രോശിച്ചുകൊണ്ടാണ് എലിസയോട് സംസാരിച്ചതെന്ന് അശ്വതി ന്യൂസ് അവറില്‍ പറഞ്ഞു.

നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഗയെ കാണാതായ ആദ്യ ദിവസങ്ങളിൽ പൊലീസ് അലംഭാവം കാണിച്ചു. പ്രത്യേക അന്വേഷണ സംഘമുണ്ടാക്കാൻ പത്ത് ദിവസമെടുത്തുവെന്നും എലിസ വിമർശിച്ചു. അതിനിടെ ലിഗയുടെ പോസ്റ്റ്മോർട്ടം ഫലം വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് അന്വേഷണ സംഘത്തലവൻ ഐ.ജി മനോജ് എബ്രഹാം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. മൃതദേഹം കണ്ട വാഴമുട്ടത്തെ ചിലരെ പൊലീസ് ചോദ്യം ചെയ്തു. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എൻ.എ പരിശോധനാഫലവും നിർണ്ണായകമാണ്.ആത്മഹത്യയാണെന്നാണ് കണ്ടെത്തുന്നുവെങ്കിൽ എലിസ റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെടും.