അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നകാര്യം ചര്‍ച്ചയായി.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസില്‍ പൊലീസ് മേധാവി എജിയേയും ഡിജിപിയേയും കണ്ടു. അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നകാര്യം ചര്‍ച്ചയായി. അതേസമയം, സൗഹൃദ സന്ദര്‍ശനമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഗൂഢാലോചനയുള്ളതായി വ്യക്തമായെന്ന് ലോക്നാഥ് ബെഹ്‍റ പറഞ്ഞു. 

അഭിമന്യുവിനെ കൊന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. 15 പ്രതികളില്‍ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ ഇനിയും പിടികൂടാനുള്ളതിനാല്‍ കൊലയാളിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും പ്രതികള്‍ കേരളം വിടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

15 പ്രതികളിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. പുറത്തുനിന്ന് അക്രമികളെ വിളിച്ചുവരുത്തിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന്കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.