പപ്പയ്ക്ക് വയസ്സായെന്ന് ഓർമ്മിപ്പിച്ച് കുഞ്ഞു സിവ ധോണിക്ക് മുപ്പത്തിയേഴാം പിറന്നാൾ
മുംബൈ: മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി. എല്ലാവരും പിറന്നാൾ ആശംസകൾ നേർന്നപ്പോൾ മകൾ സിവ പപ്പയ്ക്ക് നൽകിയത് വേറിട്ടൊരു ആശംസയാണ്. ''ഹാപ്പി ബർത്ത്ഡേ പപ്പ, പപ്പയ്ക്ക് വയസ്സായിരിക്കുന്നു, ഐ ലവ് യൂ പപ്പ'' എന്നായിരുന്നു സിവയുടെ ആശംസ. ഭാര്യ സാക്ഷി, മകൾ സിവ, ടീമംഗങ്ങൾ എന്നിവർക്കൊപ്പം കേക്ക് മുറിച്ചാണ് ധോണി തന്റെ പിറന്നാൾ ആഘോഷിച്ചത്. ബോളിവുഡ്ഡ് നടിയും വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും പിറന്നാളിനെത്തിയിരുന്നു.
ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ധോണിയുടെ പിറന്നാൾ ആഘോഷങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് റെയ്ന, വീരേന്ദ്ര സേവാഗ്, ജസ്പ്രീത് ബുംമ്ര, ഭാര്യ സാക്ഷി എന്നിവർ ധോണിക്ക് ആശംസകൾ നേർന്നു. 2004 ലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ പ്രവേശിക്കുന്നത്. ഈയിടെ നടന്ന ഇംഗ്ളണ്ടിനെതിരായ റ്റി20 മത്സരം ഉൾപ്പെടെ അഞ്ഞൂറ് അന്താരാഷ്ട്ര മത്സരങ്ങൾ ധോണി പിന്നിട്ടു.
