കോഴിക്കോട്: രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ധ്യാന്‍ദേവ്. വട‌കര പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബയോളജി സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും എന്‍എസ്എസ് വളണ്ടിയര്‍ ലീഡറുമാണ്. കോഴിക്കോട് ജില്ലയിലെ പതിമൂവായിരം വളണ്ടിയര്‍മാരില്‍ നിന്ന് മൂന്ന് പേരെയാണ് യൂത്ത് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തത്. 

പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന ധ്യാന്‍ദേവ് ഹൈസ്കൂള്‍ പഠനകാലത്ത് എന്‍സിസി കേഡറ്റ് ലീഡറായിരുന്നു. വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ വി.ടി.കെ. രവീന്ദ്രന്‍റെയും സുമതിയുടെയും മകനാണ്. സംസ്ഥാന സ്കൂള്‍ പ്രവ്യത്തിപരിചയ മേളയില്‍ കാര്‍ഡ് ചാര്‍ട്ട് സ്ട്രോ ബോര്‍ഡ് നിര്‍മ്മാണത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും, ഹൈസ്കൂള്‍ നാടക മത്സരത്തില്‍ ജില്ലയില്‍ എ ഗ്രേഡും നേടിയിരുന്നു.

മികച്ച ചിത്രകാരന്‍ കൂടിയായ ധ്യാന്‍ ദേവ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫാബ്രിക് പെയിന്‍റിംഗില്‍ ജില്ലയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസിന്‍റ ചരിത്രത്തില്‍ ആദ്യമായാണ് അഖിലേന്ത്യ തലത്തില്‍ ഒരു കേഡറ്റിന് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.