ആഫ്രിക്കയും ഗള്‍ഫ് മേഖലയും ഉൾപ്പെട്ട മെന മേഖലയിൽ 36.8 മില്യൺ പ്രമേഹ രോഗികളുണ്ടെന്നാണ് കണക്ക്. ഖത്തറിൽ മാത്രം മൊത്തം ജനസംഖ്യയുടെ പത്തൊൻപതു ശതമാനത്തിനു മുകളിലാണ് പ്രമേഹ രോഗികളുടെ എണ്ണം.
നിലവിലെ സ്ഥിതി തുടർന്നാൽ ഇരുപതു വർഷത്തിനുള്ളിൽ ഗൾഫിലെ ജനസംഖ്യയുടെ എൺപതു ശതമാനത്തിലധികം പേരും പ്രമേഹ രോഗത്തിന് ചികിത്സ തേടേണ്ടി വരും. വിഷയത്തിൻറെ ഗൗരവം കണക്കിലെടുത്ത് അന്താരാഷ്‌ട്ര പ്രമേഹ ദിനത്തോടനുബന്ധിച്ച് ഖത്തറിൽ ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടികളും സൗജന്യ രക്ത പരിശോധനയും നടത്തി വരികയാണ്.
ഖത്തർ ഡയബറ്റിക് അസോസിയേഷൻറെയും ഹമദ് മെഡിക്കൽ കോർപറേഷന്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ സ്വകാര്യ ക്ലിനിക്കുകളും കാമ്പയിനുകളിൽ പങ്കെടുക്കുന്നുണ്ട്.
ഖത്തർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഡയബറ്റിസ് അസോസിയേഷൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും രോഗനിർണയവും ആവശ്യമായ പരിശോധനകളും മറ്റു സേവനങ്ങളും സൗജന്യമായി നൽകി വരുന്നു.
ജീവിത ശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം മുറക്കുള്ള പരിശോധനയും വ്യായാമവും ശീലമാക്കിയാൽ പ്രമേഹത്തെ എളുപ്പം പ്രധിരോധിക്കാനാകുമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധരെല്ലാം ആവർത്തിച്ചു ഓർമിപ്പിക്കുന്നത്.
