പാലക്കാട്: നടന്‍ ശ്രീജിത് രവി, പെണ്‍കുട്ടികളെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസിന്റെ വീഴ്ചയും അന്വേഷിക്കും. വനിതാ സിഐ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. ഓഗസ്റ്റ് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നടന്‍ ശ്രീജിത് രവിക്കെതിരെ പരാതി നല്‍കുന്നത്. കാറിലെത്തിയ ഇയാള്‍ കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു പരാതി. അന്ന് തന്നെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ രേഖാമൂലം ഒറ്റപ്പാലം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ദിവസങ്ങള്‍ വൈകിയാണ് നടന്‍ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൈല്‍ഡ് ലൈനിന്റെ കൂടി സാന്നിദ്ധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുക്കണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് നിരാകരിച്ചിരുന്നു. ഫോട്ടോ കാണിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരായ പെണ്‍കുട്ടികളില്‍ നിന്ന് മൊഴിരേഖപ്പെടുത്തിയതില്‍ പോരായ്മയുണ്ടെന്നും കേസില്‍ തെളിവുകള്‍ മറച്ചുവച്ച് പഴുതുകള്‍ ഏറെയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ശ്രീജിത് രവിക്ക് അനുകൂല നിലപാട് പൊലീസ് സ്വീകരിച്ചെന്നും അടക്കം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.

പാലക്കാട് വനിതാ സിഐ കെ എലിസബത്തിനാണ് അന്വേഷണ ചുമതല. ശ്രീജിത് രവിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്സോ നിലനില്‍ക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ പ്രൊസിക്യൂഷന്‍ ഒത്തുകളിച്ചെന്നും പരാതിയുണ്ട്.

കോടതിയില്‍ വളരെ ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തിയ പ്രൊസിക്യൂഷന്‍ ശ്രീജിത് രവിക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതിനെക്കുറിച്ച് മൂന്ന് ദിവസത്തിനകം എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.