ദെഷാംസിന്‍റെ തന്ത്രങ്ങളാണ് പ്രതിഭയുടെ ധാരാളിത്തമുള്ള ഫ്രാന്‍സ് യുവനിരയെ അജയ്യരാക്കി മാറ്റിയത്
മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില് നായകനായും പരിശീലകനായും കിരീടമുയര്ത്തുന്ന രണ്ടാമനെന്ന ഇതിഹാസമാണ് ദിദിയര് ദെഷാംസ് റഷ്യന് മണ്ണില് കൊഴ്തെടുത്തത്. സിനദിന് സിദാന്റെ പടയോട്ടത്തില് ബ്രസീലിനെ കണ്ണീരിലാഴ്ത്തി കിരീടം നേടുമ്പോള് 1998 ല് പടനായകന്റെ വേഷത്തില് ദെഷാംസുണ്ടായിരുന്നു.
20 വര്ഷങ്ങള്ക്ക് ശേഷം ഫ്രഞ്ച് പട മറ്റൊരു ലോകകപ്പ് വെട്ടിപിടിക്കുമ്പോള് ചാണക്യതന്ത്രങ്ങളുമായി കളം നിറഞ്ഞത് മറ്റാരുമായിരുന്നില്ല. ദെഷാംസിന്റെ തന്ത്രങ്ങളാണ് പ്രതിഭയുടെ ധാരാളിത്തമുള്ള ഫ്രാന്സ് യുവനിരയെ അജയ്യരാക്കി മാറ്റിയത്. എംബാപ്പെയെന്ന യുവതാരത്തെയും ഗ്രീസ്മാന് എന്ന മുന്നേറ്റക്കാരനെയും പോഗ്ബയെന്ന പ്ലേ മേക്കറെയുമെല്ലാം ആവശ്യാനുസരണം വിന്യസിച്ചുള്ള ദെഷാംസിന്റെ തന്ത്രങ്ങലാണ് രണ്ടാം ലോക കിരീടത്തിന് ഫ്രാന്സിനെ പ്രാപ്തമാക്കിയത്.
ചരിത്രത്തില് ബെക്കന് ബോവറെന്ന ജര്മന് ഇതിഹാസം മാത്രമാണ് ഇതിന് മുന്പ് അങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1974-ല് കിരീടം ചൂടിയ ജര്മനിയുടെ നായകനായിരുന്ന ബോവറിന്റെ കുട്ടികളാണ് 1990 ല് ജര്മനിക്ക് വേണ്ടി കിരീടമുയര്ത്തിയത്. കളിക്കാരനായും പരിശീലകനായും ലോകകപ്പ് ആദ്യമായി നേടിയത് ബ്രസീലിന്റെ മരിയോ സാഗല്ലെയാണ്. എന്നാല് അദ്ദേഹം നായകനായിരുന്നില്ല. കളിക്കാരനും പരിശീലകനുമെന്ന ഗണത്തിലാണെങ്കില് ദെഷാംസ് മൂന്നാമനാണ്.
