ലോകഫുട്ബോളിലെ മാന്ത്രികരെപ്പറ്റി മാങ്ങാട് രത്നാകരന്‍ എഴുതുന്നു.
പന്തില് ഇന്ദ്രജാലം കാട്ടിയ ബാല്യത്തില്, പന്ത്രണ്ടുകാരനായ ദീഗോ അര്മാന്ഡോ മറഡോണ തന്റെ സ്വപ്നം തുറന്നുപറഞ്ഞു.
“എനിക്ക് ലോകകപ്പില് കളിക്കണം, പിന്നെ ലോകചാമ്പ്യനാകണം”
ഇരുപത്തിയൊന്നാം വയസ്സില് ആദ്യത്തെ സ്വപ്നം പൂര്ത്തീകരിച്ചു. ഇരുപത്തിയഞ്ചാം വയസ്സില് രണ്ടാമത്തെ സ്വപ്നവും...
ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രശസ്തനായ മനുഷ്യന് എന്നാണ് മറഡോണയെക്കുറിച്ച് ഉജ്ജ്വലമായ സിനിമയെടുത്ത എമീര് കസ്തുറിക്ക വിശേഷിപ്പിക്കുന്നത്. മനുഷ്യന് എന്നതിനേക്കാള് ദൈവമാണ് മറഡോണ. മറഡോണയുടെ പേരില് അര്ജന്റീനയിലെ റൊസാരിയോയില് ഇഗ്ലേസിയ മറഡോണിയാന എന്ന പേരില് ഒരു പള്ളിയുണ്ട്, അതേ പേരില് ഒരു മതമുണ്ട്, പത്തുകല്പ്പനകളുമുണ്ട്. ഒമ്പതാം കല്പ്പന ഇങ്ങനെ, നിങ്ങളുടെ പേരിന്റെ മധ്യത്തില് ദീഗോ എന്നു ചേര്ക്കുക. പത്താം കല്പ്പന: ആദ്യത്തെ മകന് ദീഗോ എന്നു പേരിടുക.

പതിനാറാം വയസ്സില് അര്ജന്റീനോസ് ജൂനിയേഴ്സിലായിരുന്നു അരങ്ങേറ്റം. അഞ്ചുവര്ഷത്തിന് ശേഷം ബോക്ക ജൂനിയേഴ്സില് ചേരുന്നതിനുമുമ്പ് അര്ജന്റീനോസില്. 167 കളികളിലായി 115 ഗോളുകള്. 40 ലക്ഷം ഡോളറായിരുന്നു ഇരുപത്തിയൊന്നാം വയസ്സില് ബൊക്കയിലേക്ക് മാറാന് ഉറപ്പിച്ച പ്രതിഫലം.
1982ല്, ഇരുപത്തിയൊന്നാം വയസ്സിലാണ് ലോകകപ്പില് കളിക്കുകയെന്ന മറഡോണയുടെ സ്വപ്നം പൂവണിയുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോള് താരത്തെ കാണാന് ഫുട്ബോള് ഭ്രാന്തന്മാരുടെയും ലോകോത്തര ഫുട്ബോള് ക്ലബ്ബുകളുടെയും നാടായ സ്പെയിന് ബാഴ്സലോണയിലെ ക്യാമ്പ് നുവോ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന ബെല്ജിയത്തോട് ഒരു ഗോളിന് തോറ്റു. മറഡോണയെ പ്രതിരോധിക്കാന് ടീം ഏതാണ്ട് മുഴുവന് രംഗത്തിറങ്ങിയതിന് ഈ ചിത്രം തന്നെ തെളിവ്!

തുടര്ന്ന് ഹംഗറിക്കെതിരായ മത്സരത്തില് രണ്ടുഗോളുകള് മറഡോണയുടെ ബൂട്ടില്നിന്നും പിറന്നു. രണ്ടാം റൗണ്ടില് കടന്ന അര്ജന്റീന ബ്രസീലിനോടും ഇറ്റലിയോടും തോറ്റു പുറത്തായി. ബ്രസീലുമായുള്ള മത്സരത്തില് തോല്വി രുചിക്കുന്നതിനിടെ തന്നെ മറഡോണയ്ക്ക് ഫൗളിനെത്തുടര്ന്ന് കളിക്കളം വിടേണ്ടിവന്നു.
1986 ലോകകപ്പ്. ഇരുപത്തിയഞ്ചുകാരനായ മറഡോണ അര്ജന്റീനയെ ഒരു പടനായകനെപ്പോലെ നയിച്ചു; കളിച്ചു; ജയിച്ചു. തീര്ത്തും അവിശ്വസീനയമായ പ്രകടനം. തെക്കന് കൊറിയക്കെതിരെയുള്ള ആദ്യമത്സരത്തില് മൂന്നുഗോളിനും വഴിയൊരുക്കി മറഡോണ അടിത്തറയിട്ടു. മറഡോണയുടെ ആദ്യ ഗോള് ഇറ്റലിക്കെതിരെ ആയിരുന്നു.
ക്വാര്ട്ടര് ഫൈനലില് ഇംഗ്ലണ്ടിനെതിരെയുള്ല മത്സരം ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മത്സരമായിരുന്നു. മറഡോണ ഒരു ഇതിഹാസപുരുഷനായി മാറിയത് ആ മത്സരത്തോടെ ആയിരുന്നു. മറഡോണയുടെ ആദ്യത്തെ ഗോള് വിവാദവിഷയമായ ‘ദൈവത്തിന്റെ കൈ’ ഗോളായിരുന്നു. മറഡോണ തന്നെ പിന്നീട് വിശേഷിപ്പിച്ചതുപോലെ മറഡോണയുടെ ശിരസ്സും ദൈവത്തിന്റെ കൈയ്യും സമാസമം ഒത്തുചേര്ന്ന ഗോള്.

മറഡോണയുടെ രണ്ടാമത്തെ ഗോള്, ഫിഫ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുത്ത വിസ്മയ ഗോള്. ആ കുതിപ്പ്, ആ വേഗം, ആ പാദചലനങ്ങള്... ആജാനുബാഹുക്കള്ക്കിടയില് അകപ്പെട്ട ഒരു കുറിയ മനുഷ്യന് കാണിച്ച ഇന്ദ്രജാലം. മെക്സിക്കോയിലെ അസ്തെക്ക സ്റ്റേഡിയം കോരിത്തരിച്ച ഗോള്.

മൈതാനമധ്യത്തില് നിന്ന് ഹെക്ടര് എന്റിക്കിന്റെ പാസ് സ്വീകരിച്ച്, വെട്ടിത്തിരിഞ്ഞ് മുന്നോട്ടു കുതിച്ച മറഡോണയ്ക്കു മുന്നില് ബേഡ്സ്ലിയും റീഡും ഹോഡ്ജും ബുച്ചറും ഫെന്വികും ഒരുക്കിയ പ്രതിരോധ വലയം. ബുച്ചറെ മറഡോണ രണ്ടുതവണ മറികടന്നു. പത്മവ്യൂഹത്തില് അകപ്പെട്ട അഭിമന്യുവിനെപ്പോലെയായി മറഡോണ. അഭിമന്യുവിന് പുറത്തുകടക്കാനുള്ള വിദ്യ വശമില്ലായിരുന്നു. മറഡോണക്ക് അതിനു കഴിഞ്ഞു. അപ്പോളതാ, മുന്നില് ലോകോത്തര ഗോളി പീറ്റര് ഷില്ട്ടന്. ഷില്ട്ടന് പക്ഷേ ആ വെടിക്കെട്ട് നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ.
ഇംഗ്ലണ്ടുമായുള്ള ക്വാര്ട്ടര് ഫൈനല് മത്സരത്തെ ഫൈനല് എന്നാണ് മറഡോണ വിശേഷിപ്പിച്ചത്. കാരണം, അതൊരു യുദ്ധമായിരുന്നു. ബ്രിട്ടന് ഫോക്ലാന്ഡ്സിനെ ആക്രമിച്ചത് അര്ജന്റീനയുടെ മനസ്സില് നീറുന്ന മുറിവായിരുന്നു. സൈനികശക്തികൊണ്ട് പകരം വീട്ടാന് അര്ജന്റീനക്കാകുമായിരുന്നില്ല. അതിനാല്, ഗോളുകള് കൊണ്ട് പകരം വീട്ടി. നൂറ്റാണ്ടിന്റെ ഗോളിനുപിന്നില് ചരിത്രത്തിന്റെ ചാലകശക്തി കൂടിയുണ്ടായിരുന്നു.
ലോകകപ്പ് കയ്യിലുയര്ത്തുക എന്നത് മാത്രമായിരുന്നു മറഡോണയുടെ ലക്ഷ്യം. ബെല്ജിയത്തിനെതിരെ രണ്ട് ഗോളുകള്, രണ്ടാമത്തെ ഗോള് ഡ്രിബ്ളിംഗ് തികവോടെ. ഫൈനലില് അപ്രതിരോധ്യരായ പശ്ചിമ ജര്മ്മനി. മറഡോണയെ തളക്കാന് നിയോഗിച്ചത് മാന്ഡ്രേക്ക് കഥയിലെ കരുത്തനായ ലോതറെപ്പോലെയുള്ള മറ്റൊരു ലോതര്, ലോതര് മത്തേയൂസ്. നിഴല് പോലെ പിന്തുടര്ന്ന മത്തേയൂസിനെ കബളിപ്പിച്ച്, കളി തീരാന് അഞ്ചു മിനുട്ട് ബാക്കിനില്ക്കെ മറഡോണയുടെ ഒരു പാസ്, ബറൂച്ചാഗ വല കുലുക്കിയപ്പോള് ജര്മ്മനി പകച്ചുനിന്നു. മറഡോണ ഏതാണ്ട് തനിച്ചെന്നോണം കളിനയിച്ചു ജയിച്ച മത്സരം.
അസ്തെക്ക സ്റ്റേഡിയത്തിന്റെ കവാടത്തില് 1986 അര്ജന്റീനയുടെ വിജയത്തിനും നൂറ്റാണ്ടിന്റെ ഗോളിനും സ്മാരകമായി മറഡോണയുടെ പ്രതിമ തലയുയര്ത്തി നില്ക്കുന്നു.
1990 ലോകകപ്പില് വിജയം ആവര്ത്തിച്ച് ബ്രസീലിനെപ്പോലെയും പെലെയെപ്പോലെയും ജൈത്രയാത്ര തുടരുകയായിരുന്നു മറഡോണയുടെ ലക്ഷ്യം. പക്ഷേ മറഡോണക്ക് കണ്ണങ്കാലിലെ പരിക്കുമൂലം തിളങ്ങാനായില്ല. ആദ്യ മത്സരത്തില്ത്തന്നെ കാമറൂണിനോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളിലെ പോയിന്റ് നില വെച്ച് രണ്ടാം റൗണ്ടില് കഷ്ടിച്ചു കടന്നുകൂടി. ബ്രസീലുമായുള്ള മത്സരത്തില് മറഡോണ കനീജയ്ക്ക് എത്തിച്ച പാസ് ഗോളാക്കി സെമിയിലേക്ക്. സെമിയില് ഇറ്റലിയുമായുള്ള ഷൂട്ടൗട്ട് ജയിച്ച് ഫൈനലില്. 86 ആവര്ത്തിക്കാന് അര്ജന്റീനയും ആവര്ത്തിക്കാതിരിക്കാന് ജര്മ്മനിയും പൊരുതി. എണ്പത്തിയഞ്ചാം മിനുട്ടില് ആന്ഡ്രിയാന് ബ്രൈമയുടെ പെനാല്ട്ടി കിക്കില്, അര്ജന്റീനയുടെ സ്വപ്നം പൊലിഞ്ഞു.
മറഡോണയുടെ നാലാമത്തെ ലോകകപ്പ് ഒരു ദുരന്തമായി കലാശിച്ചു. രണ്ടു മത്സരങ്ങള് മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള മത്സരത്തില് ഒരു ഗോള് നേടി. മറഡോണ ഡ്രഗ് ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്ന്ന് ടീമില്നിന്നു പുറത്തായി. റുമാനിയയോട് തോറ്റതോടെ രണ്ടാം റൗണ്ടില് അര്ജന്റീനയും പുറത്തായി. നാലു ലോകകപ്പുകള് കളിച്ച പെലെ അവസാന ലോകകപ്പിന്റെ വീരനായകനായിരുന്നുവെങ്കില് മറഡോണ തന്റെ ലോകകപ്പ് ഹംസഗാനത്തില് ദുരന്തനായകനായി മാറുകയായിരുന്നു.
കളിക്കളത്തിനു പുറത്തും മറഡോണ ഓളങ്ങള് സൃഷ്ടിച്ചു. മറഡോണയുടെ ജീവിതശൈലി, ലഹരി ഉപയോഗം, മാധ്യമങ്ങളോടുള്ള പെരുമാറ്റം, വഴക്കാളിത്തം, രാഷ്ട്രീയ ചായ്വുകള് എല്ലാം ലോകം ശ്രദ്ധിച്ചു, ചര്ച്ച ചെയ്തു.

അര്ജന്റീനയുടെ കോച്ചായി 2010 ലോകകപ്പില് മറഡോണയുടെ സാന്നിദ്ധ്യം ലോകം ആഘോഷിച്ചു. മറഡോണയുടെ മാനസപുത്രന് ലിയോണല് മെസ്സിയുടെ കളിയും ലോകം ഉറ്റുനോക്കി. ക്വാര്ട്ടര് ഫൈനലില് ജര്മ്മനിയോട് ദയനീയമായി പരാജയപ്പെടുന്നതു കണ്ടുനില്ക്കാനേ മറഡോയ്ക്കു കഴിഞ്ഞുള്ളൂ.
മറഡോണയുടെ ഇടതുപക്ഷ ചായ്വും വിവാദമായിരുന്നു. വലതുകയ്യില് ചെഗുവേരയുടെ മുഖവും ഇടതു കാലില് ഫിദെല് കാസ്ട്രോയുടെ മുഖവും പച്ചകുത്തിയ മറഡോണ, തന്റെ ആത്മകഥ സമര്പ്പിച്ചിരിക്കുന്നത് ഫിദെല് കാസ്ട്രോയ്ക്കു കൂടിയാണ്. വെനിസ്വേലന് പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസുമായി സാഹോദര്യം പ്രഖ്യാപിച്ച മറഡോണ, അമേരിക്കന് സാമ്രാജ്വത്വത്തെയും ജോര്ജ്ജ് ബുഷിനെയും നിശിതമായി വിമര്ശിച്ചു.
ലോക ഫുട്ബോളിന്റെ ചരിത്രത്തില് മറഡോണയെപ്പോലെ വാഴ്ത്തപ്പെട്ട മറ്റൊരു കളിക്കാരനില്ല. ഒരുപക്ഷേ, ഏറ്റവുമേറെ ഇകഴ്ത്തപ്പെട്ട കളിക്കാരനും മറഡോണ തന്നെയാകാം. പക്ഷേ, നൂറ്റാണ്ടിന്റെ ഗോളും മിന്നുന്ന മറ്റു പ്രകടനങ്ങളും കാണുമ്പോള് വാഴ്ത്തിയവരും ഇകഴ്ത്തിയവരും കൈകോര്ക്കും. വാ പൊളിച്ച് ആ കളിയുടെ മനോഹാരിത കണ്ടുനില്ക്കും.
