ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കി. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് സമർപ്പിച്ചത് 

ജലന്ധർ ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞു. കന്യാസ്ത്രിയുടെ സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ് പിയും അറിയിച്ചു.

ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ അന്വേഷണത്തിൽ കോടതി മേൽനോട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുളള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണസംഘം മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു പ്രാഥമിക വാദം. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് കോടതി പറഞ്ഞു.

നിലവിലെ അന്വേഷണം തൃപ്തികരമാണ്. പ്രധാനപ്പെട്ട രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നില്ലെന്ന് ഹർജിക്കാർ വാദം ഉന്നയിച്ചപ്പോൾ അറസ്റ്റാണോ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണോ പ്രധാനമെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നടക്കാത്തതിന് അതിന്‍റേതായ കാരണങ്ങളുണ്ടാകാം. പ്രതിയായ ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യട്ടേയെന്നും അതിനു ശേഷം ഹർ‍ജികൾ പരിഗണിക്കാമെന്നും കോടതി പറ‍ഞ്ഞു. 

2014നും 2016നും ഇടയിൽ നടന്ന സംഭവമാണെന്നും തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രികളുടെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. വരുന്ന 19ന് ബിഷപ്പിനെ ചോദ്യം ചെയ്തശേഷമുളള പൊലീസ് റിപ്പോർട്ടുകൂടി പരിഗണിക്കുന്നതിനായി ഹർജികൾ 24 ലേക്ക് മാറ്റി.