തിരുവനന്തപുരം: ജനജീവിതം സ്തംഭിപ്പിച്ചുള്ള സമരം ചെയ്തവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുന്നത് അപഹാസ്യമാണെന്ന് പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍. പ്രളയബാധിതര്‍ക്ക് വേണ്ട അവശ്യ സേവനം പോലും നല്‍കാതെ ഉദ്യോഗസ്തര്‍ പണിമുടക്കുകയും പിന്നീട് അതിന് വേതനം കൈപ്പറ്റുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയും അതിന് പിന്തുണ നല്‍കുന്ന സര്‍ക്കാരും തെറ്റാണ് ചെയ്യുന്നതെന്നും  ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഡിജോ കാപ്പന്‍ പറഞ്ഞു.

ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഡിജോ കാപ്പന്‍റെ വാക്കുകള്‍...

കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 95 ശതമാനവും ചിലവഴിക്കുന്നത് അഞ്ച് ലക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായാണ്. ഓഗസ്റ്റില്‍ കേരളത്തില്‍ പ്രളയമുണ്ടായി. ഇതുവരേയും ദുരിതബാധിതരെ കണ്ടെത്താന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ആയിട്ടില്ല. പ്രളയമോ മറ്റു പ്രകൃതിദുരന്തമോ ഉണ്ടായാല്‍ തന്‍റെ വാസസ്ഥലം പൂര്‍വസ്ഥിതിയിലാക്കി കിട്ടാനുള്ള അവകാശം ഒരോ പൗരനുമുണ്ടെന്നൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ആ വിധിയുടെ പരസ്യമായ ലംഘനമാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നമ്മുക്ക് നഷ്ടമാക്കുന്നു. 

സര്‍ക്കാര്‍ കലണ്ടറില്‍ ചുവന്ന മഷി കാണുന്ന എല്ലാ ദിവസവും ജീവനക്കാര്‍ക്ക് അവധിയാണ്. 89 ദിവസം അങ്ങനെ അവധിയായി. ഇതു കൂടാതെ 20  ക്യാഷ്വല്‍ ലീവും പത്ത് കമ്മ്യൂട്ടര്‍ ലീവുണ്ട് 33 ഏര്‍ണ്‍ ലീവുണ്ട്. അങ്ങനെ ആകെയുള്ള 365 ദിവസത്തില്‍ 152 ദിവസത്തിലും അവധിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുണ്ട്. കേരളത്തിലെ 82 ലക്ഷം കുടുംബങ്ങളിലെ 20 ലക്ഷം കുടുംബങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെയാണ്. ഇവരില്‍ ഗ്രാമപ്രദേശത്തുള്ളവരുടെ പ്രതിമാസവരുമാനം 5270 രൂപയാണെന്നാണ് കണക്ക്. 

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഏറ്റവും കുറഞ്ഞ ശന്പളം തന്നെ 21000 രൂപയാണ്.സാധാരണക്കാരായ കൂലി പണിക്കാര്‍ അവരുടെ രണ്ട് ദിവസത്തെ വരുമാനം വേണ്ടെന്ന് വച്ചാണ് ഇങ്ങനെയൊരു സമരത്തിന് ഇറങ്ങുന്നത്. അതേസമയം തൊഴില്‍ ചെയ്യാതെ മാറി നിന്ന് പണിമുടക്കില്‍ പങ്കെടുത്തു എന്നു വരുത്തുകയും ശേഷം അതിന് വേതനം കൈപ്പറ്റുകയും ചെയ്യുന്ന  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രീതി അപലപനീയമാണ്.