ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി. ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 90 ദിവസത്തിനകം കുറ്റപത്രം ഇല്ലെങ്കില്‍ മാത്രമാണ് സോപാധിക ജാമ്യം. 20 വര്‍ഷമോ ആജീവനാന്തമോ തടവ് കിട്ടാവുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്‍ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്‍ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്.
ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്‍ട്രേറ്റ് കോടതി അംഗീകരിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കില്‍ സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ ദിലീപിന് ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ഈ വാദങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്ത ശേഷം പൊലീസ് നല്‍കിയ കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നടിയുടെ നഗ്നചിത്രം എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന ഗൂഢാലോചനക്കുറ്റം മാത്രമാണ് തന്‍റെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ വാദം. ഈ വാദം ഈ ഘട്ടത്തില്‍ പരിഗണിക്കരുതെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി അംഗീകരിക്കുകയായിരുന്നു. കൃത്യത്തില്‍ പങ്കില്ലെങ്കിലും ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി.
