ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ അറസ്റ്റിലായ ദിലീപിനൊപ്പം സെല്ലില്‍ കഴിയുന്നത് അഞ്ചു തടവുകാര്‍ക്കൊപ്പം. പിടിച്ചുപറി, മോഷണക്കേസ് പ്രതികളാണ് ഇവര്‍. റിമാന്‍ഡ് പ്രതിയായതിനാല്‍ ദിലീപിന് സാധാരണ വസ്ത്രം ധരിക്കാം. ജയിലില്‍ സാധാരണ നിലയില്‍ തന്നെ പെരുമാറുന്ന ദിലീപ് രാവിലെ തടവുകാര്‍ക്ക് ജയിലില്‍ നിന്ന് നല്‍കുന്ന പ്രഭാത ഭക്ഷണവും കഴിച്ചു. ഉപ്പുമാവും പഴവുമാണ് രാവിലെ കഴിച്ചത്. പ്രത്യേക പരിഗണനയൊന്നും ദിലീപിന് ജയിലില്‍ നല്‍കിയിട്ടില്ല.
പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്ന ദിലീപിനു വേണ്ടി ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. നാളെ അപേക്ഷ പരിഗണിക്കും. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് എന്നത് ജാമ്യത്തിന് തടസ്സമായേക്കും. അതിനിടെ, ദിലീപിനെ നാളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പോലീസ് നല്‍കും. നിലവില്‍ 19 തെളിവുകളാണ് ദിലീപിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 40 സാക്ഷികളില്‍ നിന്നുള്ള മൊഴികളാണ് ദിലീപിനെതിരെ എടുത്തിരിക്കുന്നത്. ഇതില്‍ പത്തുപേര്‍ സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. അപ്രധാന മൊഴികള്‍ നല്‍കിയവരെ സാക്ഷിപ്പട്ടികയില്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദിലീപിനെതിരെ ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തടവില്‍ വയ്ക്കല്‍ തുടങ്ങി ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ 11ാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന.
