കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി കോടതി തിങ്കളാഴ്ച വിധി പറയും. കേസ് ഡയറി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. നടി കെ പി എ സി ലളിത ദിലീപിനെ ആലുവ സബ് ജയിലിൽ സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് നദിർഷയെ നാളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വൈകീട്ട് 3 മണിയോടെയാണ് അടച്ചിട്ട കോടതി മുറിയിൽ ദിലീപിന്റെ ജാമ്യാപേക്ഷ യിലുള്ള വാദം തുടങ്ങിയത്. നടിയുടെ നഗ്ന വീഡിയോ പകർത്താൻ ഗൂഡാലോചന നടത്തി എന്നതാണ് പൊലീസ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റമെന്നാണ് ജാമ്യാപേക്ഷയിൽ പ്രതിഭാഗം എടുത്ത് പറയുന്നത്. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കൂട്ടബലാൽസംഗകുറ്റം നിലനിൽക്കില്ല. അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞതിനാൽ ചുമത്തപ്പെട്ട കുറ്റങ്ങളിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന നിലപാടാണ് പ്രതിഭാഗത്തിന്റേത്. എന്നാൽ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് കാണിച്ച് പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലവും സീൽ ചെയ്ത കവറിൽ കേസ് ഡയറിയും സമർപ്പിച്ചു. ഇരുകൂട്ടരുടെയും വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ വിധി പറയാൻ തിങ്കളാഴ്ചതത്തേക്ക് മാറ്റിയത്.

ദിലീപിനെ ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. നടി കെ പി എ സി ലളിത ദിലീപിനെ ആലുവ സബ് ജയിലിൽ സന്ദർശിച്ചു. ദിലീപിന്റെ സഹോദരി ക്കൊപ്പമാണ് കെ പി എ സി ലളിത എത്തിയത്. കേസിൽ സംവിധായകൻ നദിർഷയെ നാളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കോടതി നിർദേശപ്രകാരം ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ നാദിർഷാ ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാതെ വിട്ടയച്ചിരുന്നു. ഇതിനിടെ കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ റിമാൻഡിൽ ആണെന്നും ജാമ്യം നല്കണമെന്നുമാണ് ആവശ്യം.