കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. മലയാള സിനിമാ നിര്‍മാണ രംഗത്തെ ബിനാമി- കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍. ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.
കണ്ടെത്തിയ നിര്‍ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യംചെയ്യും.
രണ്ടു വര്‍ഷം മുന്‍പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാ നിര്‍മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുന്‍നിര നടന്മാരുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു നിലച്ചു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. നടിയെ ആക്രമിച്ചതിന് പിന്നില്‍ വെറും വ്യക്തിവൈരാഗ്യ ംമാത്രമല്ലെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ക്വട്ടേഷന്‍ പദ്ധതി വിജയിച്ചാല്‍ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.
